ദീപാവലിക്ക് മുമ്പേ പഞ്ചസാര വില കുതിക്കുന്നു; റെക്കോർഡ് ഉയരത്തിലെത്താൻ കാരണം എന്ത്?

 
Sugar

രാജ്യത്ത് പഞ്ചസാര വില റെക്കോർഡ് നിലവാരത്തിലേക്ക് ഉയരുന്നു. ഓണം, ഗണേശ ചതുർഥി, ദസറ, ദീപാവലി തുടങ്ങിയ ഉത്സവങ്ങൾ അടുത്തെത്തിയതോടെ മധുരപലഹാരങ്ങൾക്കും മറ്റ് ഭക്ഷ്യവിഭവങ്ങൾക്കും ആവശ്യകത ഉയരുന്നതാണ് വിലവർധനയുടെ പ്രധാന കാരണങ്ങളിലൊന്ന്. 

മഹാരാഷ്ട്രയിലെ പ്രധാന പഞ്ചസാര വിപണിയായ കോലാപ്പൂരിൽ മൊത്തവില ഓഗസ്റ്റ് തുടക്കം മുതൽ ഏകദേശം 20 ശതമാനം ഉയർന്ന് 100 കിലോയ്ക്ക് 5,350 രൂപ എന്ന റെക്കോർഡ് നിലയിലെത്തി. രാജ്യത്തെ ശരാശരി ചില്ലറ വില കിലോയ്ക്ക് 52.30 രൂപയായും ഉയർന്നു. ചില വിപണികളിൽ വില 60 രൂപയ്ക്ക് മുകളിലുമെത്തിയിട്ടുണ്ട്. 

പഞ്ചസാര ഉൽപാദനത്തിനായി ഉപയോഗിക്കേണ്ട കരിമ്പിന്റെ ഒരു ഭാഗം എഥനോൾ ഉൽപാദനത്തിലേക്ക് മാറ്റുന്നതും ആഭ്യന്തര ലഭ്യതയിൽ സമ്മർദം സൃഷ്ടിക്കുന്നതായി റിപ്പോർട്ടുകൾ പറയുന്നു. E20 ഇന്ധനലക്ഷ്യത്തിന്റെ ഭാഗമായി എഥനോൾ ഉൽപാദനം വർധിപ്പിച്ചതാണ് ഇതിന് പിന്നിൽ. 

കൂടാതെ, ചില പ്രദേശങ്ങളിലെ കുറഞ്ഞ മഴയും കരിമ്പ് ഉൽപാദനത്തെ ബാധിക്കുമെന്ന ആശങ്കയുണ്ട്. ഉത്സവകാല ആവശ്യകത വർധിക്കുന്നതിനിടെ മില്ലുകൾ സ്റ്റോക്ക് ക്രമേണ മാത്രമാണ് വിപണിയിലെത്തിക്കുന്നതെന്ന ആരോപണവും ഉയർന്നിട്ടുണ്ട്. 

വിലക്കയറ്റം നിയന്ത്രിക്കാൻ സർക്കാർ നടപടികൾ ആരംഭിച്ചിട്ടുണ്ട്. സെപ്റ്റംബർ ഒന്ന് മുതൽ നവംബർ 30 വരെ പ്രതിമാസം 10 ടണ്ണിലധികം പഞ്ചസാര ഉപയോഗിക്കുന്ന വലിയ ഉപഭോക്താക്കൾക്ക് പരമാവധി 15 ദിവസത്തേക്കുള്ള സ്റ്റോക്ക് മാത്രമേ കൈവശം വയ്ക്കാനാകൂ. 

ആഭ്യന്തര ലഭ്യത വർധിപ്പിക്കുന്നതിനായി പരിമിതമായ ഡ്യൂട്ടി രഹിത പഞ്ചസാര ഇറക്കുമതിയും ഇറക്കുമതി തീരുവ കുറയ്ക്കുന്നതും സർക്കാർ പരിഗണിക്കുന്നുണ്ട്.