സ്കൂൾ ബസിൽ ചാവേർ ആക്രമണം; ഇന്ത്യയെ കുറ്റപ്പെടുത്തി പാകിസ്ഥാൻ; മൂന്ന് കുട്ടികൾ കൊല്ലപ്പെട്ടു

 
World
World

ക്വറ്റ: ബലൂചിസ്ഥാനിൽ സ്കൂൾ ബസിൽ നടന്ന ചാവേർ ആക്രമണത്തിൽ അഞ്ച് പേർ കൊല്ലപ്പെട്ടു. അവരിൽ മൂന്ന് പേർ സ്കൂൾ കുട്ടികളാണ്. ഖുസ്ദാർ നഗരത്തിലെ സ്കൂൾ ബസിന് നേരെ ബുധനാഴ്ച രാവിലെയാണ് ആക്രമണം നടന്നത്. സ്ഫോടകവസ്തുക്കൾ കയറ്റിയ വാഹനം സ്കൂൾ ബസിൽ ഇടിച്ചു. പാകിസ്ഥാൻ ആർമി പബ്ലിക് സ്കൂളിലെ വിദ്യാർത്ഥികളെ വഹിച്ചുകൊണ്ടിരുന്ന ബസിനെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം.

അഞ്ച് പേരുടെ മരണത്തിന് കാരണമായ സംഭവത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. ചാവേർ ആക്രമണത്തിൽ കുറഞ്ഞത് 35 പേർക്ക് പരിക്കേറ്റതായും ബലൂചിസ്ഥാൻ പ്രവിശ്യയിലെ ചാവേർ ആക്രമണത്തിന് പിന്നിൽ ഇന്ത്യയാണെന്ന് പാകിസ്ഥാൻ അധികൃതർ ആരോപിക്കുന്നു. എന്നിരുന്നാലും, പാകിസ്ഥാന്റെ ആരോപണങ്ങൾ ഇന്ത്യ തള്ളി.

ജീവഹാനിയെ അപലപിച്ച് വിദേശകാര്യ മന്ത്രാലയം പ്രസ്താവന പുറപ്പെടുവിച്ചു. പാകിസ്ഥാന്റെ അവകാശവാദം അടിസ്ഥാനരഹിതവും രാഷ്ട്രീയ പ്രേരിതവുമാണെന്ന് ഇന്ത്യ കൂട്ടിച്ചേർത്തു. തീവ്രവാദത്തിന്റെ അറിയപ്പെടുന്ന ഉത്ഭവത്തിൽ നിന്ന് ശ്രദ്ധ തിരിക്കുന്നതിനും സ്വന്തം പോരായ്മകൾ മറച്ചുവെക്കുന്നതിനുമായി എല്ലാ ആഭ്യന്തര പ്രശ്‌നങ്ങൾക്കും ഇന്ത്യയെ കുറ്റപ്പെടുത്തുന്ന പാകിസ്ഥാന്റെ സ്വഭാവത്തെ പ്രസ്താവന വിമർശിച്ചു.

ബലൂചിസ്ഥാനിലെ തീവ്രവാദ പ്രവർത്തനങ്ങൾക്ക് ഇന്ത്യ പിന്തുണ നൽകുന്നുവെന്ന് പാകിസ്ഥാൻ വളരെക്കാലമായി ആരോപിച്ചിരുന്നു. എന്നാൽ, ബലൂച് ലിബറേഷൻ ആർമിക്ക് ഇന്ത്യ സഹായം നൽകുന്നുണ്ടെന്ന പാകിസ്ഥാന്റെ അവകാശവാദം സ്വന്തം തെറ്റുകൾ മറച്ചുവെക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്ന് ഇന്ത്യ തിരിച്ചടിച്ചു.