ടാറ്റ സൺസിന് ഐപിഒയിൽ നിന്ന് രക്ഷയില്ല; സ്വകാര്യ സ്ഥാപനമായി തുടരാനുള്ള ആർബിഐ ആവശ്യം തള്ളി
ടാറ്റ ഗ്രൂപ്പിന്റെ മാതൃസ്ഥാപനമായ ടാറ്റ സൺസിന് സ്വകാര്യ സ്ഥാപനമായി തുടരാനുള്ള നീക്കത്തിന് തിരിച്ചടി. ടാറ്റ സൺസിനെ കോർ ഇൻവെസ്റ്റ്മെന്റ് കമ്പനിയുടെ പദവി ഒഴിഞ്ഞ് സ്വകാര്യ സ്ഥാപനമായി തുടരാൻ അനുവദിക്കണമെന്ന ആവശ്യം റിസർവ് ബാങ്ക് ഓഫ് ഇന്ത്യ തള്ളിയതായാണ് റിപ്പോർട്ട്.
ഇതോടെ ടാറ്റ സൺസിന് നിർബന്ധിത പ്രാഥമിക ഓഹരി വിൽപ്പന അഥവാ ഐപിഒയിലേക്ക് നീങ്ങേണ്ട സാഹചര്യം ശക്തമായിരിക്കുകയാണ്. നേരത്തെ ടാറ്റ സൺസ് ആർബിഐയുടെ ഉയർന്ന തലത്തിലുള്ള നോൺ-ബാങ്കിംഗ് ധനകാര്യ സ്ഥാപനങ്ങളുടെ പട്ടികയിൽ ഉൾപ്പെട്ടിരുന്നു. ഇതുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങളിൽ നിന്ന് ഒഴിവാകാനായിരുന്നു കമ്പനി ശ്രമിച്ചത്.
ആർബിഐയുടെ തീരുമാനം ടാറ്റ സൺസിന്റെ ഭാവി ധനകാര്യ ഘടനയിലും ഓഹരി വിപണിയിലെ സാന്നിധ്യത്തിലും വലിയ പ്രതിഫലനമുണ്ടാക്കാനിടയുണ്ട്. നിർബന്ധിത ഐപിഒ നടപ്പായാൽ രാജ്യത്തെ ഏറ്റവും വലിയ കോർപ്പറേറ്റ് ഗ്രൂപ്പുകളിലൊന്നിന്റെ മാതൃസ്ഥാപനം ആദ്യമായി പൊതുനിക്ഷേപകർക്ക് ഓഹരികൾ ലഭ്യമാക്കുന്ന സാഹചര്യമാകും.
ടാറ്റ സൺസിന്റെ ഉടമസ്ഥതയിലുള്ള വിവിധ പ്രമുഖ ടാറ്റ കമ്പനികളിലെ ഓഹരികളും സ്ഥാപനത്തിന്റെ വൻ മൂല്യവും കണക്കിലെടുക്കുമ്പോൾ ഐപിഒ ഇന്ത്യൻ ഓഹരി വിപണിയിലെ ശ്രദ്ധേയമായ സംഭവമായി മാറുമെന്നാണ് വിലയിരുത്തൽ.
ആർബിഐയുടെ തീരുമാനത്തോടെ ടാറ്റ സൺസിന്റെ ഐപിഒ സംബന്ധിച്ച ചർച്ചകൾ വീണ്ടും സജീവമാകുകയാണ്. ഇനി കമ്പനി സ്വീകരിക്കുന്ന തുടർനടപടികളും ഐപിഒയുടെ സമയക്രമവും വിപണി ഏറെ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്.