ഇറാൻ സംഘർഷം രൂക്ഷം; മിഡിൽ ഈസ്റ്റിലുള്ള അമേരിക്കക്കാർ ഒഴിഞ്ഞുപോകാൻ തയ്യാറാകണമെന്ന് യുഎസ് മുന്നറിയിപ്പ്
ഇറാനുമായി ബന്ധപ്പെട്ട സുരക്ഷാ സാഹചര്യം കൂടുതൽ വഷളാകുന്ന പശ്ചാത്തലത്തിൽ മിഡിൽ ഈസ്റ്റിലുള്ള അമേരിക്കൻ പൗരന്മാർ എപ്പോൾ വേണമെങ്കിലും പ്രദേശം വിടാൻ തയ്യാറായിരിക്കണമെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് നിർദേശം നൽകി. വിമാന സർവീസുകൾ തടസ്സപ്പെടാനും വ്യോമപാതകൾ അടയ്ക്കപ്പെടാനും സാധ്യതയുള്ളതിനാൽ യാത്രാ പദ്ധതികൾ നിരന്തരം വിലയിരുത്തണമെന്നും മുന്നറിയിപ്പിൽ പറയുന്നു.
ജോർദാൻ, ഇസ്രായേൽ ഉൾപ്പെടെ മേഖലയിലെ വിവിധ രാജ്യങ്ങളിലെ യുഎസ് എംബസികളും സുരക്ഷാ ജാഗ്രതാ നിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. സാഹചര്യം അതിവേഗം മാറാൻ സാധ്യതയുള്ളതിനാൽ പ്രാദേശിക ഭരണകൂടങ്ങളുടെ നിർദേശങ്ങൾ പാലിക്കാനും എംബസികളിൽ രജിസ്റ്റർ ചെയ്ത് സുരക്ഷാ അറിയിപ്പുകൾ പിന്തുടരാനും അമേരിക്കൻ പൗരന്മാരോട് ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം, ഇറാനെതിരായ പുതിയ സൈനിക നടപടി താൽക്കാലികമായി മാറ്റിവെച്ച് നയതന്ത്ര ചർച്ചകൾക്ക് അവസരം നൽകുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അറിയിച്ചു. എന്നിരുന്നാലും മേഖലയിൽ സുരക്ഷാ ആശങ്കകൾ തുടരുന്നതിനാൽ ജാഗ്രതാ നിർദേശങ്ങൾ നിലവിൽ തുടരുമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.