മധ്യപൂർവേഷ്യയിൽ സംഘർഷം രൂക്ഷം; പാകിസ്ഥാൻ ആഭ്യന്തരമന്ത്രി മൊഹ്സിൻ നഖ്‌വി ഇറാനിൽ
മധ്യപൂർവേഷ്യയിലെ സംഘർഷങ്ങൾക്കിടെ പാകിസ്ഥാൻ ആഭ്യന്തരമന്ത്രി മൊഹ്സിൻ നഖ്‌വി ഇറാൻ സന്ദർശിച്ചു. ടെഹ്‌റാനിലെത്തിയ നഖ്‌വി ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാനുമായും മറ്റ് ഉന്നത ഉദ്യോഗസ്ഥരുമായും കൂടിക്കാഴ്ച നടത്തി.
ഇറാൻ–അമേരിക്ക സംഘർഷത്തിൽ മധ്യസ്ഥശ്രമങ്ങൾ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് സന്ദർശനമെന്നാണ് റിപ്പോർട്ട്. മേഖലയിൽ സമാധാനവും സുരക്ഷയും ഉറപ്പാക്കുന്നതിനുള്ള നയതന്ത്ര നീക്കങ്ങൾ ചർച്ചകളിൽ പ്രധാന വിഷയമായി.
പാകിസ്ഥാൻ നേരത്തെ തന്നെ ഇറാനും അമേരിക്കയ്ക്കുമിടയിൽ ചർച്ചകൾക്ക് വഴിയൊരുക്കുന്ന നിലപാട് സ്വീകരിച്ചിരുന്നു. ഖത്തറിനൊപ്പമാണ് ഇസ്ലാമാബാദ് മധ്യസ്ഥ ശ്രമങ്ങളിൽ സജീവമായത്.
അതേസമയം, സൗദി അറേബ്യ, തുർക്കി, പാകിസ്ഥാൻ എന്നിവർ അടുത്തിടെ ഒപ്പുവെച്ച പ്രതിരോധ കരാറിനെക്കുറിച്ചും നഖ്‌വി ഇറാൻ നേതൃത്വവുമായി ചർച്ച നടത്തിയതായി റിപ്പോർട്ടുണ്ട്. കരാർ സംബന്ധിച്ച് ഇറാൻ ആശങ്കപ്പെടേണ്ടതില്ലെന്ന് നേരത്തെ ഇറാൻ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിരുന്നു.