പാകിസ്ഥാനിൽ ഭീകരാക്രമണം; ഏഴ് കുട്ടികളടക്കം 15 പേർ കൊല്ലപ്പെട്ടു

ലാഹോർ: പാകിസ്ഥാനിലെ ഒരു സൈനിക ക്യാമ്പിൽ നടന്ന ഭീകരാക്രമണത്തിൽ 15 പേർ കൊല്ലപ്പെടുകയും 30 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ആക്രമണത്തിൽ 7 കുട്ടികൾ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ പറയുന്നു. പാകിസ്ഥാനിലെ ഖൈബർ പഖ്തുൻഖ്വയിലെ ഒരു സൈനിക കേന്ദ്രത്തിലാണ് ആക്രമണം നടന്നത്. മരിച്ചവരിൽ ആറ് പേർ തീവ്രവാദികളാണെന്ന് സൈന്യം ഔദ്യോഗികമായി സ്ഥിരീകരിച്ചു. സ്ഫോടകവസ്തുക്കൾ നിറച്ച വാഹനങ്ങൾ സൈനിക ക്യാമ്പിലേക്ക് ഇടിച്ചുകയറിയാണ് ആക്രമണം നടത്തിയത്.
ആക്രമണത്തിൽ സമീപത്തുള്ള ഒരു പള്ളിയും തകർന്നു, നിരവധി പേർ കൊല്ലപ്പെട്ടു. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. തകർന്ന കെട്ടിടങ്ങൾക്കും മതിലുകൾക്കുമിടയിൽ കുടുങ്ങിയവരെ പുറത്തെടുക്കുന്നതിനുള്ള രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.
ആക്രമണത്തിന്റെ ഉത്തരവാദിത്തം പാകിസ്ഥാൻ താലിബാൻ ഏറ്റെടുത്തു. റമദാൻ ആരംഭിച്ചതിനുശേഷം പാകിസ്ഥാനിൽ നടക്കുന്ന മൂന്നാമത്തെ ആക്രമണമാണിത്. സംഭവത്തെക്കുറിച്ച് മുതിർന്ന പോലീസ് ഉദ്യോഗസ്ഥരിൽ നിന്ന് ഖൈബർ പഖ്തുൻഖ്വ മുഖ്യമന്ത്രി അലി അമിൻ ഗന്ധാപൂർ റിപ്പോർട്ട് ആവശ്യപ്പെട്ടു.