രാഷ്ട്രീയ പ്രവേശനം ഔദ്യോഗികമായി പ്രഖ്യാപിച്ച് ദളപതി വിജയ് പാർട്ടിക്ക് 'തമിഴ് വെട്രി കഴകം'

അറുപത്തിയൊമ്പതാം ചിത്രത്തിന് ശേഷം സിനിമ വിടും

 
vijay

ചെന്നൈ: തമിഴ് സൂപ്പർ താരം ദളപതി വിജയ് തൻ്റെ രാഷ്ട്രീയ പാർട്ടി ഔദ്യോഗികമായി പ്രഖ്യാപിച്ചു. തൻ്റെ ഔദ്യോഗിക എക്‌സ് അക്കൗണ്ടിലൂടെയാണ് താരം തൻ്റെ രാഷ്ട്രീയ പാർട്ടിയുടെ പേര് വെളിപ്പെടുത്തിയത്- തമിഴഗ വെട്രി കഴകം.

തൻ്റെ രാഷ്ട്രീയ പ്രവേശനത്തെ കുറിച്ച് വിജയ് നേരത്തെ ആരാധകരോട് സൂചന നൽകിയിരുന്നു. 2026ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിലെ വിജയമാണ് പാർട്ടി ലക്ഷ്യമിടുന്നതെന്ന് പറഞ്ഞ താരം ഈ വർഷം നടക്കാനിരിക്കുന്ന പാർലമെൻ്റ് തിരഞ്ഞെടുപ്പിൽ തൻ്റെ പാർട്ടി മത്സരിക്കില്ലെന്നും കൂട്ടിച്ചേർത്തു. രാഷ്ട്രീയം തനിക്ക് ഒരു ഹോബിയല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

രാഷ്ട്രീയ പാർട്ടി പ്രഖ്യാപനത്തോടെ വിജയ് ഏറെ നാളത്തെ അഭ്യൂഹങ്ങൾക്ക് വിരാമമിട്ടിരിക്കുകയാണ്. വിജയ് മക്കൾ ഇയക്കം എന്ന ആരാധക സംഘടനയുമായി ചേർന്ന് കഴിഞ്ഞ കുറച്ച് വർഷങ്ങളായി വിജയ് നടത്തിവരുന്ന സാമൂഹിക പ്രവർത്തനങ്ങൾ ഈ വഴിക്കുള്ള നീക്കമായാണ് വിലയിരുത്തപ്പെട്ടത്.

രാഷ്ട്രീയ സ്വഭാവമുള്ള ചില പരിപാടികൾ നടത്തിയും രാഷ്ട്രീയ പരാമർശങ്ങൾ നടത്തിയും താരം വാർത്തകളിൽ ഇടം നേടിയിരുന്നു. അറുപത്തിയൊമ്പതാം ചിത്രം പൂർത്തിയാക്കിയ ശേഷം അഭിനയം ഉപേക്ഷിക്കുമെന്നും താരം അറിയിച്ചു. വിജയ് ഇപ്പോൾ തൻ്റെ 68-ാമത്തെ ചിത്രമായ 'ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടൈം' (GOAT) എന്ന സിനിമയുടെ ചിത്രീകരണത്തിലാണ്.