തലസ്ഥാന നഗരം കടുത്ത ജലക്ഷാമത്തിൽ മുങ്ങി, ചോർച്ചയെ തുടർന്ന് പമ്പിംഗ് നിർത്തി
തിരുവനന്തപുരം: തലസ്ഥാന നഗരം കടുത്ത ജലക്ഷാമത്തിൽ വലയുന്നു. മൂന്ന് ദിവസമായി ജലക്ഷാമത്തിന് ഇന്നും പരിഹാരം കണ്ടിട്ടില്ല. ഇന്ന് രാവിലെ ഭാഗികമായി പമ്പിങ് ആരംഭിച്ചെങ്കിലും വാൽവിൽ ചോർച്ച കണ്ടെത്തിയതിനെ തുടർന്ന് നിർത്തിവെക്കേണ്ടി വന്നു.
പൈപ്പിടൽ പൂർത്തിയായിട്ടില്ല. ഇതോടെ ഇന്നും ജനങ്ങൾ വെള്ളമില്ലാതെ വലയുമെന്ന് ഏറെക്കുറെ ഉറപ്പായി. ഇന്ന് ഉച്ചയ്ക്ക് മുമ്പ് താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം എത്തിക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി ഇന്നലെ ഉറപ്പ് നൽകിയിരുന്നു. ജലക്ഷാമം മൂലം പലയിടത്തും ജനങ്ങൾ പ്രതിഷേധത്തിലാണ്.
തിരുവനന്തപുരം നാഗർകോവിൽ റെയിൽവേ പാത ഇരട്ടിപ്പിക്കലുമായി ബന്ധപ്പെട്ട് നിലവിലുള്ള 500 എംഎം, 700 എംഎം പൈപ്പ് ലൈൻ അലൈൻമെൻ്റ് മാറ്റുന്നതിനായി നിർത്തിവച്ചിരുന്ന പമ്പിങ് ഇന്നലെ ഭാഗികമായി പുനരാരംഭിച്ചെങ്കിലും പിന്നീട് നിർത്തിവച്ചു.
പാതയിരട്ടിപ്പിക്കൽ ജോലികൾ നടക്കുന്നതിനാൽ അരുവിക്കരയിലെ 4 എംഎൽഡി, 75 എംഎൽഡി പ്ലാൻ്റുകളിൽനിന്നുള്ള ജലവിതരണം കഴിഞ്ഞ ദിവസങ്ങളിൽ നിർത്തിവച്ചിരുന്നു. 75 എംഎൽഡി പ്ലാൻ്റ് വെള്ളിയാഴ്ച രാത്രി പ്രവർത്തനം തുടങ്ങി. 74 എം.എൽ.ഡി പ്ലാൻ്റിൽ നിന്ന് ഇന്നലെ രാവിലെ ഒമ്പത് മണിയോടെ ജലവിതരണം ആരംഭിച്ചെങ്കിലും ഉച്ചയ്ക്ക് ഒന്നോടെ ജലവിതരണം നിർത്തിവയ്ക്കാൻ നിർദേശം നൽകി.
വിതരണ പൈപ്പ് ഇടയ്ക്കിടെ അടച്ച ശേഷമാണ് പമ്പിങ് ആരംഭിച്ചത്. ഈ പൈപ്പിലെ ബാക്ക് പ്രഷർ കാരണം പമ്പിങ് നിർത്തി. വെള്ളയമ്പലം വരെയുള്ള താഴ്ന്ന പ്രദേശങ്ങളിൽ ഭാഗികമായി ജലവിതരണം നടത്തിയെങ്കിലും പമ്പിങ് നിർത്തിവച്ചതോടെ അതും നിലച്ചു. അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ 33 വാർഡുകളിൽ 11 വാർഡുകളിലും ശുദ്ധജലവിതരണം പൂർണമായും മുടങ്ങി.
കോർപ്പറേഷൻ്റെ ഉടമസ്ഥതയിലുള്ള ടാങ്കറുകളിൽ ഒരു ലോഡ് വെള്ളം വാർഡുകളിൽ എത്തിച്ചെങ്കിലും അത് തികയാതെ വന്നതോടെ ജനം കടുത്ത പ്രതിഷേധവുമായി രംഗത്തെത്തി. പൂന്തുറ വാർഡിൽ കോൺഗ്രസിൻ്റെ നേതൃത്വത്തിൽ വാട്ടർ ടാങ്കറിൽ വെള്ളം വിതരണം ചെയ്തു. പൂർണമായും പമ്പിങ് ആരംഭിക്കുന്നത് വരെ ഈ പ്രദേശങ്ങളിൽ ടാങ്കറുകളിലെ ജലവിതരണം തുടരുമെന്ന് കോർപറേഷൻ അറിയിച്ചു.
വെള്ളം കിട്ടാതായതോടെ കുപ്പിവെള്ളത്തിൻ്റെ വിൽപ്പനയും വർധിച്ചു. 20 ലീറ്റർ കാൻ വെള്ളം 70 രൂപയ്ക്കാണ് ഇന്നലെ വിറ്റത്. വിപണിയിൽ 60 രൂപയേ വിലയുള്ളൂ. മിക്ക വീട്ടുകാരും ഒരു ക്യാനിൽ കൂടുതൽ വാങ്ങി.
അതേസമയം ജല അതോറിറ്റി സ്‌മാർട്ട് സിറ്റിയും റോഡ് ഫണ്ട് ബോർഡും പരസ്പരം പഴിചാരി പ്രശ്‌നം സങ്കീർണമാക്കുകയാണെന്ന് ആൻ്റണി രാജു എംഎൽഎ മുഖ്യമന്ത്രിയെ അറിയിച്ചു. ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി വേണമെന്ന് എംഎൽഎ ആവശ്യപ്പെട്ടു.
സ്മാർട് സിറ്റി പദ്ധതിയുടെ പേരിൽ ജലവിതരണം നിർത്തി പ്ലാൻ്റുകളുടെ പ്രവർത്തനം നിർത്തി പൈപ്പ് ലൈനുകൾ മാറ്റുമ്പോൾ ബദൽ സംവിധാനം ഏർപ്പെടുത്തുന്നതിൽ കുറ്റകരമായ അനാസ്ഥയാണ് ബന്ധപ്പെട്ടവരുടെ ഭാഗത്തുനിന്നുണ്ടാകുന്നതെന്നും ആൻ്റണി രാജു ചൂണ്ടിക്കാട്ടി.