'96'യിലെ മായ്ച്ചുകളഞ്ഞ രംഗം വീണ്ടും ചർച്ചയിൽ; എസ്. ജാനകിയെ കണ്ടുമുട്ടുന്ന റാമും ജാനുവും
ഗായിക എസ്. ജാനകിയുടെ നിര്യാണത്തിന് പിന്നാലെ തമിഴ് ചിത്രം '96'-ലെ ഏറെ ശ്രദ്ധേയമായ ഡിലീറ്റഡ് സീൻ വീണ്ടും സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. വിജയ് സേതുപതിയുടെ റാമും തൃഷയുടെ ജാനുവും അർധരാത്രിയിൽ എസ്. ജാനകിയുടെ വീട്ടിലെത്തി ഗായികയെ നേരിൽ കാണുന്ന രംഗമാണ് ആരാധകർ വീണ്ടും ഏറ്റെടുത്തിരിക്കുന്നത്.
ഏകദേശം നാല് മിനിറ്റ് ദൈർഘ്യമുള്ള ഈ രംഗത്തിൽ, വീട്ടിന് മുന്നിൽ ഫോട്ടോ എടുക്കാനെത്തിയ റാമിനെയും ജാനുവിനെയും എസ്. ജാനകി തന്നെ സ്വീകരിച്ച് വീട്ടിലേക്ക് ക്ഷണിക്കുന്നു. ജാനുവിന്റെ പാട്ട് കേട്ട ശേഷം, തന്റെ പാട്ടുകൾ മാത്രമല്ല, എല്ലാ ഗാനങ്ങളും പാടണമെന്നും, നല്ല ശബ്ദം എല്ലാവർക്കും കേൾപ്പിക്കണമെന്നും അവർ ഉപദേശിക്കുന്ന ഹൃദ്യമായ സംഭാഷണവും രംഗത്തിലുണ്ട്.
ചിത്രത്തിൽ തൃഷ അവതരിപ്പിച്ച കഥാപാത്രത്തിന്റെ മുഴുവൻ പേര് ജാനകി ദേവി (ജാനു) എന്നതാണ്. എസ്. ജാനകിയോടുള്ള ആരാധനയാണ് കഥാപാത്രത്തിന്റെ പ്രധാന സവിശേഷത. ഈ ഡിലീറ്റഡ് രംഗം തിയറ്റർ പതിപ്പിൽ ഉൾപ്പെടുത്തിയിരുന്നില്ലെങ്കിലും, പിന്നീട് യൂട്യൂബിൽ പുറത്തിറങ്ങിയതോടെ ആരാധകർക്കിടയിൽ വലിയ സ്വീകാര്യത നേടി.
സിനിമാ ജീവിതത്തിൽ എസ്. ജാനകി ക്യാമറയ്ക്ക് മുന്നിൽ അവസാനമായി പ്രത്യക്ഷപ്പെട്ടത് ഈ ഡിലീറ്റഡ് രംഗത്തിലൂടെയാണെന്നതാണ് ഇതിന് കൂടുതൽ വൈകാരിക പ്രാധാന്യം നൽകുന്നത്. ഗായികയുടെ നിര്യാണത്തെ തുടർന്ന് ഈ രംഗം വീണ്ടും സംഗീതാസ്വാദകരുടെയും സിനിമാപ്രേമികളുടെയും ഓർമകളിൽ നിറഞ്ഞുനിൽക്കുകയാണ്.