'പുതുമുഖങ്ങളുടെ ചൂഷണം ഇപ്പോഴും തുടരുന്നു'; മലയാള സിനിമയിലെ സാഹചര്യങ്ങൾ മാറിയിട്ടില്ലെന്ന് പാർവതി തിരുവോത്ത്
മലയാള സിനിമയിൽ പുതുമുഖങ്ങളുടെ ചൂഷണം ഇപ്പോഴും അവസാനിച്ചിട്ടില്ലെന്ന് നടി പാർവതി തിരുവോത്. ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ ചില മാറ്റങ്ങൾ ഉണ്ടായെങ്കിലും, വ്യവസായത്തിന്റെ അടിസ്ഥാന സമീപനത്തിൽ വലിയ മാറ്റമില്ലെന്നാണ് പാർവതി അഭിപ്രായപ്പെട്ടത്.
പുതുതായി സിനിമയിലെത്തുന്ന നിരവധി കലാകാരന്മാർ ഇന്നും വ്യക്തമായ കരാറുകളില്ലാതെ ജോലി ചെയ്യേണ്ടി വരുന്ന സാഹചര്യമാണുള്ളതെന്ന് അവർ ചൂണ്ടിക്കാട്ടി. തൊഴിൽ സുരക്ഷയും അവകാശങ്ങളും ഉറപ്പാക്കുന്ന കരാർ സംവിധാനം എല്ലാവർക്കും നിർബന്ധമാക്കേണ്ടതുണ്ടെന്നും പാർവതി പറഞ്ഞു.
ഹേമ കമ്മിറ്റി റിപ്പോർട്ടിന് ശേഷമുള്ള ചില മാറ്റങ്ങൾ യഥാർഥ മനോഭാവ മാറ്റത്തിന്റെ ഫലമല്ലെന്നും, പൊതുസമൂഹത്തിന്റെ വിമർശനത്തെയും ഉത്തരവാദിത്തത്തെയും കുറിച്ചുള്ള ഭയമാണ് പലരെയും മാറ്റങ്ങൾക്ക് നിർബന്ധിതരാക്കിയതെന്നും പാർവതി വിലയിരുത്തി.
മലയാള സിനിമയിലെ പ്രശ്നങ്ങൾ ഒരു മേഖലയിലോ വ്യക്തികളിലോ ഒതുങ്ങുന്നതല്ലെന്നും, സുരക്ഷിതവും നീതിപൂർണവുമായ തൊഴിൽ അന്തരീക്ഷം ഉറപ്പാക്കാൻ ദീർഘകാല പരിഷ്‌കരണങ്ങൾ അനിവാര്യമാണെന്നും പാർവതി കൂട്ടിച്ചേർത്തു.