ആദ്യ സംസ്കൃതഭാഷ സയൻസ് ഫിക്ഷൻ അനിമേഷൻ സിനിമ 'ധീ'........
നിർമ്മാണം പപ്പറ്റിക്ക മീഡിയ, സംവിധാനം രവിശങ്കർ വെങ്കിടേശ്വരൻ ......


പൂർണ്ണമായും സംസ്കൃത ഭാഷയിൽ, ഇന്ത്യയിൽ ആദ്യമായി നിർമ്മിക്കുന്ന സയൻസ് ഫിക്ഷൻ അനിമേഷൻ സിനിമയാണ് "ധീ". ആഗോളതലത്തിൽ നിരവധി പുരസ്ക്കാരങ്ങൾ കരസ്ഥമാക്കിയ ഇന്ത്യയിലെ ആദ്യത്തെ സംസ്കൃത അനിമേഷൻ സിനിമയായ "പുണ്യകോടി " ക്കു ശേഷം പപ്പറ്റിക്ക മീഡിയ നിർമ്മിക്കുന്ന സിനിമയാണ് ധീ. ഏറ്റവും മികച്ച അനിമേഷൻ സിനിമകൾക്കു ലഭിക്കുന്ന എഎൻഎൻ ( ANN ) അവാർഡുകൾ നാലെണ്ണം പുണ്യകോടി നേടിയിട്ടുണ്ട്.
2020-ൽ നെറ്റ്ഫ്ളിക്സിൽ റിലീസായ പുണ്യകോടിയുടെ വിജയം നൽകിയ അംഗീകാരങ്ങളിലൂടെയും പ്രേക്ഷക പിന്തുണയിലൂടെയും ആഗോള പ്രശസ്തി നേടിയ രവിശങ്കർ വെങ്കിടേശ്വരനാണ് ധീ സംവിധാനം ചെയ്യുന്നത്. നിർമ്മാണ പ്രവർത്തനങ്ങൾക്കു തുടക്കം കുറിച്ചിരിക്കുന്ന ചിത്രത്തിൻ്റെ ഏറ്റവും വലിയ പ്രത്യേകതയെന്നത് അണിയറയിൽ പ്രവർത്തിക്കുന്നവരെല്ലാം മലയാളികളാണന്നുള്ളതാണ്.
ദീർഘനാളത്തെ ഗവേഷണങ്ങൾക്കും പഠനങ്ങൾക്കും ശേഷം ആഗോള നിലവാരത്തിലുള്ള ഏറ്റവും നൂതനമായ അനിമേഷൻ സാങ്കേതികവിദ്യകളും നിർമിത ബുദ്ധിയും ഇന്ത്യയിലെ ഏറ്റവും മികച്ച അനിമേഷൻ ടീമും സിനിമയ്ക്ക് പിന്നിൽ അണിനിരക്കുന്നു.
ഇൻഫോസിസിലെ മുൻ ഉദ്യേഗസ്ഥനായിരുന്ന രവിശങ്കർ, മീഡിയ, അനിമേഷൻ മേഖലകളിലെ തൻ്റെ മുപ്പത് വർഷത്തെ അനുഭവ സമ്പത്ത് ഈ സിനിമയ്ക്കായി ഉപയോഗിക്കുന്നു.
പപ്പറ്റിക്ക മീഡിയ :- ഇന്ത്യയിലെ മുൻനിര അനിമേഷൻ സ്റ്റുഡിയോകളിൽ ഒന്നായ പപ്പറ്റിക്ക മീഡിയ, ലോകോത്തര നിലവാരത്തിലുള്ള വിദഗ്ദ്ധ ടെക്നീഷ്യന്മാരുടെ നേതൃത്വത്തിൽ, ഇന്ത്യയുടെ തനതായ സംസ്കാരവും കലാരീതികളും അനിമേഷൻ്റെ സഹായത്തോടെ ആഗോള തലത്തിലെത്തിക്കുക എന്ന എക ലക്ഷ്യത്തോടെ വിജയകരമായി മുന്നോട്ടു പോകുന്നു.
നിർമ്മാണത്തിൻ്റെ പ്രാരംഭഘട്ടത്തിലെത്തി നില്ക്കുന്ന സിനിമയുടെ നിർമ്മാണത്തിനും വിതരണത്തിനും സഹായം ലഭിക്കാൻ ഇന്ത്യയിലും വിദേശത്തുമുള്ള ഒടിടി പാർട്ട്ണർമാരെയും കോ-പ്രൊഡ്യൂസർമാരെയും തേടുന്നുണ്ട്. രവിശങ്കർ വെങ്കിടേശ്വരൻ (puppetica.media@gmail.com)
ചിത്രത്തിൻ്റെ പിആർഓ - അജയ് തുണ്ടത്തിൽ ..........