'വിഷയം ഇനി നിലനിൽക്കുന്നില്ല'; നീറ്റ്-യുജി 2026 റീടെസ്റ്റിനെതിരായ പൊതുതാൽപര്യ ഹർജി സുപ്രീം കോടതി തള്ളി
നീറ്റ്-യുജി 2026 റീടെസ്റ്റ് നടത്താനുള്ള നാഷണൽ ടെസ്റ്റിംഗ് ഏജൻസിയുടെ (NTA) തീരുമാനത്തെ ചോദ്യം ചെയ്ത് സമർപ്പിച്ച പൊതുതാൽപര്യ ഹർജി സുപ്രീം കോടതി തള്ളി. റീടെസ്റ്റ് ഇതിനകം പൂർത്തിയായതിനാൽ "വിഷയം ഇനി നിലനിൽക്കുന്നില്ല" (issue no longer survives) എന്നാണ് ജസ്റ്റിസുമാരായ പി.എസ്. നരസിംഹ, അലോക് ആറാധെ എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചത്.
മുൻ അസിസ്റ്റന്റ് ഡയറക്ടർ ജനറൽ ഓഫ് ഹെൽത്ത് സർവീസസ് (DGHS) ഡോ. മംഗള കോഹ്‌ലിയാണ് ഹർജി നൽകിയത്. ചോദ്യപേപ്പർ ചോർച്ച ആരോപണത്തെ തുടർന്ന് രാജ്യവ്യാപകമായി പരീക്ഷ റദ്ദാക്കി വീണ്ടും നടത്തിയത് ലക്ഷക്കണക്കിന് സത്യസന്ധരായ വിദ്യാർഥികൾക്ക് അനീതി ഉണ്ടാക്കിയെന്നായിരുന്നു ഹർജിയിലെ വാദം.
അതേസമയം, എൻടിഎയിൽ ഘടനാപരമായ പരിഷ്കാരങ്ങൾ ആവശ്യപ്പെട്ടുള്ള മറ്റ് ഹർജികളിൽ ഇടപെടാൻ ഹർജിക്കാരിക്ക് സ്വാതന്ത്ര്യമുണ്ടെന്ന് സുപ്രീം കോടതി വ്യക്തമാക്കി. റീടെസ്റ്റ് സംബന്ധിച്ച തർക്കം അവസാനിച്ചെങ്കിലും, ദേശീയ പരീക്ഷാ സംവിധാനത്തിൽ പരിഷ്കാരം ആവശ്യപ്പെട്ടുള്ള കേസുകൾ സുപ്രീം കോടതിയുടെ പരിഗണനയിൽ തുടരും.