ആഗോള ഹോട്ടൽ ബ്രാൻഡ് റാങ്കിങ്ങിൽ തിളങ്ങി 'ദി ലീല'; ലോകത്ത് രണ്ടാം സ്ഥാനത്ത്
ഇന്ത്യൻ ആഡംബര ഹോട്ടൽ ശൃംഖലയായ ദി ലീല പാലസസ്, ഹോട്ടൽസ് ആൻഡ് റിസോർട്സ് 2026-ലെ Travel + Leisure World's Best Awards പട്ടികയിൽ ലോകത്തിലെ മികച്ച ഹോട്ടൽ ബ്രാൻഡുകളിൽ രണ്ടാം സ്ഥാനം നേടി. ഇന്ത്യൻ ആതിഥേയ മേഖലയുടെ ആഗോള അംഗീകാരത്തിന് കരുത്തേകുന്ന നേട്ടമായാണ് ഇത് വിലയിരുത്തപ്പെടുന്നത്.
വായനക്കാരുടെ വോട്ടെടുപ്പിന്റെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ റാങ്കിങ്ങിൽ മുറികളുടെ നിലവാരം, സേവനം, ഭക്ഷണവിഭവങ്ങൾ, ലൊക്കേഷൻ, ആകെ അതിഥി അനുഭവം തുടങ്ങിയ മാനദണ്ഡങ്ങളാണ് പരിഗണിച്ചത്. ഈ വർഷം 40-ാം വാർഷികം ആഘോഷിക്കുന്ന ദി ലീല, മുമ്പും ലോകത്തിലെ മികച്ച ഹോട്ടൽ ബ്രാൻഡുകളുടെ പട്ടികയിൽ ഇടം നേടിയിട്ടുണ്ട്.
അതേസമയം, ദി ലീല പാലസ് ഉദയ്പുർ ഇന്ത്യയിലെ മികച്ച റിസോർട്ടുകളിൽ രണ്ടാം സ്ഥാനവും ലോകത്തെ മികച്ച 100 ഹോട്ടലുകളുടെ പട്ടികയിലും ഇടം നേടി. ദി ലീല പാലസ് ന്യൂഡൽഹി ഇന്ത്യയിലെ മികച്ച നഗര ഹോട്ടലുകളുടെ പട്ടികയിൽ രണ്ടാം സ്ഥാനത്തെത്തി.