'ദി മാർവലസ് മിസിസ് മൈസൽ' താരം ജോഷ് ഗ്രിസെട്ടി അന്തരിച്ചു; 44 വയസായിരുന്നു
Jul 13, 2026, 11:20 IST
അമേരിക്കൻ നടനും ബ്രോഡ്‌വേ താരവുമായ ജോഷ് ഗ്രിസെട്ടി (Josh Grisetti) അന്തരിച്ചു. 44 വയസ്സായിരുന്നു. ജൂലൈ 10-നാണ് അദ്ദേഹം മരിച്ചതെന്ന് അടുത്ത സുഹൃത്തും സഹനടനുമായ റോബ് മക്ലൂർ സ്ഥിരീകരിച്ചു. തുടർന്ന് നാടക-സിനിമ മേഖലയിൽ നിന്നുള്ള നിരവധി പ്രമുഖർ അനുശോചനം രേഖപ്പെടുത്തി.
ദി മാർവലസ് മിസിസ് മൈസൽ സീരീസിലെ അഭിനയത്തിലൂടെയും Something Rotten! ഉൾപ്പെടെയുള്ള ബ്രോഡ്‌വേ സംഗീതനാടകങ്ങളിലൂടെയും ജോഷ് ഗ്രിസെട്ടി ശ്രദ്ധ നേടിയിരുന്നു. അഭിനയത്തിനൊപ്പം സംഗീതനാടക അധ്യാപകനായും അദ്ദേഹം പ്രവർത്തിച്ചിരുന്നു.
അദ്ദേഹത്തിന്റെ ഭാര്യ മക്കെൻസി ഗ്രിസെട്ടിയെയാണ് വിട്ടുപിരിയുന്നത്. മരണവാർത്തയ്ക്ക് പിന്നാലെ റേച്ചൽ സെഗ്ലർ, ലിയ സലോംഗ ഉൾപ്പെടെയുള്ള കലാകാരന്മാർ സാമൂഹിക മാധ്യമങ്ങളിലൂടെ അനുശോചനം രേഖപ്പെടുത്തി.