ദൃശ്യം 3’യുടെ ഔദ്യോഗിക പേര് പുറത്ത്; വിജയ് സാൽഗാവ്കറിന്റെ കഥയ്ക്ക് ഇതോടെ അവസാനം?
അജയ് ദേവ്ഗൺ നായകനാകുന്ന ‘ദൃശ്യം 3’യുടെ ഔദ്യോഗിക പേര് പ്രഖ്യാപിച്ചു. ‘ദൃശ്യം: ദി കൺക്ലൂഷൻ’ എന്നാണ് മൂന്നാം ഭാഗത്തിന് നൽകിയിരിക്കുന്ന പേര്. 2026 ഒക്ടോബർ 2ന് ചിത്രം തിയറ്ററുകളിലെത്തും.
വിജയ് സാൽഗാവ്കറായി അജയ് ദേവ്ഗൺ വീണ്ടും എത്തുന്ന ചിത്രത്തിന്റെ ആദ്യ പോസ്റ്ററും പുറത്തുവിട്ടു. ‘എന്റെ സത്യം, എന്റെ ശരി, എന്റെ കുടുംബം മാത്രം’ എന്ന ആശയം വ്യക്തമാക്കുന്ന ടാഗ്‌ലൈനാണ് പോസ്റ്ററിലുള്ളത്. കുടുംബത്തെ സംരക്ഷിക്കാനുള്ള വിജയിന്റെ നിലപാട് തന്നെയാണ് പുതിയ ഭാഗത്തിലും പ്രധാനമാകുന്നതെന്നാണ് സൂചന.
ഹിന്ദി ‘ദൃശ്യം’ ഫ്രാഞ്ചൈസിയിലെ മൂന്നാമത്തെയും അവസാനത്തെയും അധ്യായമായാണ് ചിത്രം അവതരിപ്പിക്കുന്നത്. ഇതോടെ വിജയ് സാൽഗാവ്കറിന്റെ കഥയ്ക്ക് അന്ത്യം കുറിക്കുമോ എന്ന ആകാംക്ഷയിലാണ് ആരാധകർ. ചിത്രത്തിന്റെ ഷൂട്ടിങ് പൂർത്തിയായിട്ടുണ്ട്; നിലവിൽ പോസ്റ്റ്-പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുകയാണ്.
ടബു ഐജി മീര ദേശ്മുഖായി വീണ്ടും എത്തും. ശ്രിയ ശരൺ നന്ദിനിയായും രജത് കപൂർ തന്റെ കഥാപാത്രത്തിലും തിരിച്ചെത്തും. പ്രകാശ് രാജ്, ജയ്ദീപ് അഹ്‌ലാവത് എന്നിവർ പുതിയ കഥാപാത്രങ്ങളായി ചിത്രത്തിന്റെ ഭാഗമാകും. അഭിഷേക് പാഠക് തന്നെയാണ് സംവിധാനം ചെയ്യുന്നത്.
2015ൽ പുറത്തിറങ്ങിയ ഹിന്ദി ‘ദൃശ്യം’, 2022ലെ ‘ദൃശ്യം 2’ എന്നിവയ്ക്ക് പിന്നാലെയാണ് മൂന്നാം ഭാഗം എത്തുന്നത്. മലയാളത്തിൽ മോഹൻലാൽ നായകനായ ജീത്തു ജോസഫ് ചിത്രത്തിന്റെ ഹിന്ദി റീമേക്കായാണ് ഹിന്ദി ഫ്രാഞ്ചൈസി ആരംഭിച്ചത്.
2026 ഒക്ടോബർ 2ന് വിജയ് സാൽഗാവ്കറിന്റെ അവസാന അധ്യായം തിയറ്ററുകളിൽ എത്തുമ്പോൾ, ഇതുവരെ ഒളിപ്പിച്ചുവച്ച രഹസ്യങ്ങൾക്ക് എന്ത് സംഭവിക്കും എന്നതാണ് ആരാധകർ ഉറ്റുനോക്കുന്നത്.