രാജ്യസ്നേഹിയുടെ മുഖംമൂടി; ലോറൻസ് ബിഷ്‌നോയിയെതിരെ അമേരിക്ക
ഇന്ത്യൻ ഗുണ്ടാനേതാവ് ലോറൻസ് ബിഷണായി രാജ്യസ്നേഹത്തിന്റെ മുഖംമൂടി ധരിച്ച് പ്രവർത്തിച്ചിരുന്നുവെന്നും, മയക്കുമരുന്ന് കടത്തിലൂടെ സമ്പാദിച്ച പണം കൊലപാതകങ്ങൾ, ഭീഷണിപ്പെടുത്തൽ, പിരിവ്, അന്തർദേശീയ കുറ്റകൃത്യ ശൃംഖല വികസിപ്പിക്കൽ എന്നിവയ്ക്കായി വിനിയോഗിച്ചിരുന്നുവെന്നും അമേരിക്കൻ അധികൃതർ ആരോപിച്ചു.
അമേരിക്കൻ ഫെഡറൽ അന്വേഷണ ഏജൻസികൾ കോടതിയിൽ സമർപ്പിച്ച രേഖകളിലാണ് ഈ ആരോപണങ്ങൾ വിശദമായി ഉൾപ്പെടുത്തിയിരിക്കുന്നത്. ബിഷ്‌നോയി സംഘത്തിന്റെ പ്രവർത്തനങ്ങൾ ഇന്ത്യയിൽ മാത്രം ഒതുങ്ങിയിരുന്നില്ലെന്നും, ഉത്തര അമേരിക്ക ഉൾപ്പെടെ വിവിധ രാജ്യങ്ങളിലേക്കും വ്യാപിച്ച സംഘടിത കുറ്റകൃത്യ ശൃംഖലയുമായി ബന്ധമുണ്ടെന്നാണ് അന്വേഷണ ഏജൻസികളുടെ കണ്ടെത്തൽ. മയക്കുമരുന്ന് കടത്ത്, ആയുധക്കടത്ത്, പണം വെളുപ്പിക്കൽ, ഭീഷണിയിലൂടെ പണം തട്ടിയെടുക്കൽ തുടങ്ങിയ പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനമാണ് സംഘത്തിന്റെ പ്രധാന സാമ്പത്തിക സ്രോതസ്സായിരുന്നുവെന്നും രേഖകൾ പറയുന്നു.
രാജ്യസ്നേഹവും സമൂഹസേവനവും മുൻനിർത്തിയുള്ള പ്രചാരണങ്ങളിലൂടെ പിന്തുണ നേടാൻ ബിഷ്‌നോയി ശ്രമിച്ചിരുന്നുവെന്നും, എന്നാൽ മറുവശത്ത് ക്രിമിനൽ പ്രവർത്തനങ്ങൾക്ക് സാമ്പത്തിക പിന്തുണ ഒരുക്കുകയും സംഘത്തെ ശക്തിപ്പെടുത്തുകയും ചെയ്തിരുന്നുവെന്നുമാണ് അമേരിക്കയുടെ വാദം. വിവിധ രാജ്യങ്ങളിലെ നിയമനിർവഹണ ഏജൻസികളുമായി സഹകരിച്ച് ശൃംഖലയിലെ അംഗങ്ങളെ കണ്ടെത്താനും സാമ്പത്തിക ഇടപാടുകൾ നിരീക്ഷിക്കാനുമുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും അധികൃതർ അറിയിച്ചു.
അമേരിക്കൻ കോടതിയിലെ നടപടികൾ തുടരുന്നതിനിടെ, ബിഷ്‌നോയി ശൃംഖലയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ അന്വേഷണത്തിലൂടെ പുറത്തുവരുമെന്നാണ് വിലയിരുത്തൽ.