‘പ്രിചാർഡ് കോളൻ റൂൾ’: ഒരു ദുരന്തം ബോക്സിങ്ങിലെ സുരക്ഷാ മാനദണ്ഡങ്ങൾ മാറ്റിയ കഥ

 
Sports

റാബിറ്റ് പഞ്ചിന്റെ ദുരന്തം; 11 വർഷത്തിന് ശേഷം പ്രിചാർഡ് കോളൻ അന്തരിച്ചു

പ്യൂർട്ടോ റിക്കൻ ബോക്സർ പ്രിചാർഡ് കോളൻ 33-ാം വയസ്സിൽ അന്തരിച്ചു. 2015ൽ ടെറൽ വില്യംസിനെതിരായ മത്സരത്തിനിടെ തലയ്ക്ക് പിന്നിൽ ഏറ്റ നിയമവിരുദ്ധമായ ‘റാബിറ്റ് പഞ്ചുകൾ’ കോളന്റെ ജീവിതം തന്നെ മാറ്റിമറിച്ചിരുന്നു. ഗുരുതരമായ മസ്തിഷ്ക പരിക്കിനെ തുടർന്ന് വർഷങ്ങളോളം ആരോഗ്യപ്രശ്നങ്ങളുമായി പോരാടിയ ശേഷമാണ് മരണം. 

2015 ഒക്ടോബറിൽ നടന്ന മത്സരത്തിൽ കോളന് പലതവണ തലയ്ക്ക് പിന്നിൽ പ്രഹരമേറ്റു. ബോക്സിങ്ങിൽ ഇത്തരം പ്രഹരങ്ങൾ നിയമവിരുദ്ധമാണ്. മത്സരത്തിനിടെ അസ്വസ്ഥത അനുഭവപ്പെട്ട കോളൻ റഫറിയുടെ ശ്രദ്ധയിൽ ഇക്കാര്യംപ്പെടുത്തിയിരുന്നുവെങ്കിലും മത്സരം തുടർന്നു. ഒൻപതാം റൗണ്ടിന് ശേഷം കോളൻ കുഴഞ്ഞുവീഴുകയും ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുകയും ചെയ്തു. പരിശോധനയിൽ ഗുരുതരമായ സബ്ഡ്യൂറൽ ഹെമറ്റോമ കണ്ടെത്തി. അടിയന്തര മസ്തിഷ്ക ശസ്ത്രക്രിയയ്ക്ക് ശേഷം കോളൻ 221 ദിവസം കോമയിലായിരുന്നു. 

സംഭവം ബോക്സിങ്ങിലെ താരങ്ങളുടെ സുരക്ഷയെക്കുറിച്ച് വലിയ ചർച്ചകൾക്ക് വഴിവെച്ചു. പ്രത്യേകിച്ച് തലയുടെയും കഴുത്തിന്റെയും പിന്നിലേക്കുള്ള പ്രഹരങ്ങൾ എത്രത്തോളം അപകടകരമാണെന്നത് കോളന്റെ ദുരന്തം വീണ്ടും ചൂണ്ടിക്കാട്ടി. ഇത്തരം പ്രഹരങ്ങൾ മസ്തിഷ്കത്തിനും മസ്തിഷ്കത്തണ്ടിനും ഗുരുതരമായ പരിക്കുകൾ ഉണ്ടാക്കാൻ സാധ്യതയുള്ളതിനാൽ കർശനമായി നിരോധിച്ചിട്ടുള്ളതാണ്. 

കോളന്റെ ദുരന്തത്തിന് പിന്നാലെ റാബിറ്റ് പഞ്ചുകൾക്കെതിരെ കൂടുതൽ കർശനമായ നടപടികൾ സ്വീകരിക്കണമെന്ന ആവശ്യം ശക്തമായി. 2016ൽ വേൾഡ് ബോക്സിങ് കൗൺസിൽ (WBC) റാബിറ്റ് പഞ്ചിങ്ങിനെതിരെ ‘പ്രിചാർഡ് കോളൻ റൂൾ’ എന്നറിയപ്പെട്ട സുരക്ഷാ നടപടികൾ അവതരിപ്പിച്ചു. റിങ്ങിലെ താരങ്ങളുടെ സുരക്ഷയും നിയമവിരുദ്ധമായ പ്രഹരങ്ങൾ തടയുന്നതും ഇതിലൂടെ കൂടുതൽ ശ്രദ്ധ നേടിയതായി റിപ്പോർട്ടുകൾ പറയുന്നു. 

ഒരുകാലത്ത് മികച്ച ഭാവിയുള്ള ബോക്സറായിരുന്ന കോളന്റെ കരിയർ ഒരു മത്സരത്തിനിടെ സംഭവിച്ച ദുരന്തത്തോടെ അവസാനിച്ചു. 11 വർഷത്തിന് ശേഷം അദ്ദേഹത്തിന്റെ മരണവാർത്ത പുറത്തുവന്നതോടെ ബോക്സിങ് ലോകത്ത് വീണ്ടും താരസുരക്ഷയെക്കുറിച്ചുള്ള ചർച്ചകൾ സജീവമായിരിക്കുകയാണ്.