എസ്‌ഐ ജയിലിലടയ്ക്കുമെന്ന് ഭീഷണിപ്പെടുത്തി

സ്റ്റേഷനിൽ ലക്ഷ്മിപ്രിയ ചോദ്യം ചെയ്തെന്നും എഫ്‌ഐആറിൽ വെളിപ്പെടുത്തൽ
 
Entertainment

നടി അൻസിബ ഹസൻ നൽകിയ പരാതിയിൽ രജിസ്റ്റർ ചെയ്ത എഫ്‌ഐആറിൽ ഗുരുതര ആരോപണങ്ങൾ. തൃപ്പൂണിത്തുറ വനിതാ പൊലീസ് സ്റ്റേഷനിൽ ഹാജരായപ്പോൾ സബ് ഇൻസ്‌പെക്ടർ (എസ്‌ഐ) രേഷ്മ തന്നെ ജയിലിലടയ്ക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും, നടി ലക്ഷ്മിപ്രിയ സ്റ്റേഷനിൽവെച്ച് തന്നെ നേരിട്ട് ചോദ്യം ചെയ്തെന്നും എഫ്‌ഐആറിൽ പറയുന്നുണ്ട്. 

ലക്ഷ്മിപ്രിയ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അൻസിബയെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയത്. അവിടെ മണിക്കൂറുകളോളം നിയമവിരുദ്ധമായി തടഞ്ഞുവെച്ചതായും മാനസികമായി പീഡിപ്പിച്ചതായും ഒടുവിൽ നിർബന്ധിച്ച് മാപ്പെഴുതിച്ച് ഒപ്പിടിച്ചെന്നും അൻസിബ പരാതിയിൽ ആരോപിക്കുന്നു. പിന്നീട് ആ രേഖയിൽ തന്റെ അറിവില്ലാതെ തിരുത്തലുകൾ വരുത്തിയതായും പരാതിയിൽ പറയുന്നു. 

അൻസിബയുടെ പരാതിയെ തുടർന്ന് തൃപ്പൂണിത്തുറ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി, ലക്ഷ്മിപ്രിയ, ഭർത്താവ് ജയേഷ്, എസ്‌ഐ രേഷ്മ എന്നിവർക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താൻ പൊലീസിന് നിർദേശം നൽകിയിരുന്നു. ആരോപണങ്ങളുടെ സത്യാവസ്ഥ വിശദമായ അന്വേഷണത്തിലൂടെ കണ്ടെത്തേണ്ടതുണ്ടെന്ന് കോടതി നിരീക്ഷിച്ചു. 

അതേസമയം, അൻസിബയുടെ ആരോപണങ്ങൾ ലക്ഷ്മിപ്രിയ നിഷേധിച്ചിട്ടുണ്ട്. പൊലീസ് സ്റ്റേഷനിൽ നടന്ന സംഭവങ്ങളുടെ ഡിജിറ്റൽ തെളിവുകൾ തന്റെ കൈവശമുണ്ടെന്നും അവ അന്വേഷണ ഉദ്യോഗസ്ഥർക്ക് കൈമാറിയിട്ടുണ്ടെന്നും അവർ പ്രതികരിച്ചു. കേസിൽ അന്വേഷണം പുരോഗമിക്കുകയാണ്.