ഹോർമുസ് കടലിടുക്ക് ആണവബോംബുകളേക്കാൾ ശക്തമായ പ്രതിരോധായുധം; സംരക്ഷിക്കുമെന്ന് ഖമേനിയുടെ ഉപദേഷ്ടാവ്
ഹോർമുസ് കടലിടുക്ക് ഡസൻ കണക്കിന് ആണവബോംബുകളേക്കാൾ ശക്തമായ പ്രതിരോധ മാർഗമാണെന്ന് ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമേനിയുടെ മുതിർന്ന ഉപദേഷ്ടാവ് അലി അക്ബർ വെലായത്തി പറഞ്ഞു. രാജ്യത്തിന്റെ തന്ത്രപ്രധാന താൽപര്യങ്ങൾ സംരക്ഷിക്കുന്നതിൽ ഹോർമുസ് കടലിടുക്കിന് നിർണായക സ്ഥാനമാണുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.
ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട എണ്ണക്കപ്പൽ ഗതാഗത പാതകളിലൊന്നായ ഹോർമുസ് കടലിടുക്കിന്റെ സുരക്ഷ ഉറപ്പാക്കാൻ ഇറാൻ പ്രതിജ്ഞാബദ്ധമാണെന്നും, രാജ്യത്തിന്റെ സുരക്ഷയെയും ദേശീയ താൽപര്യങ്ങളെയും ബാധിക്കുന്ന ഏത് സാഹചര്യത്തെയും ശക്തമായി നേരിടുമെന്നും വെലായത്തി പറഞ്ഞു.
പശ്ചിമേഷ്യയിൽ തുടരുന്ന സംഘർഷങ്ങൾക്കിടെ വന്ന ഈ പ്രസ്താവനയ്ക്ക് പ്രത്യേക പ്രാധാന്യമുണ്ട്. ആഗോള എണ്ണവിതരണത്തിൽ നിർണായക പങ്കുവഹിക്കുന്ന ഹോർമുസ് കടലിടുക്കുമായി ബന്ധപ്പെട്ട ഏത് നീക്കവും അന്താരാഷ്ട്ര ഊർജ വിപണിയെയും സമുദ്ര ഗതാഗതത്തെയും നേരിട്ട് ബാധിക്കുമെന്നാണ് വിലയിരുത്തൽ.