‘ഹോർമുസ് കടലിടുക്ക് അമേരിക്കൻ പ്രദേശമാക്കും’; ട്രംപിന്റെ പ്രഖ്യാപനം

 
World

വാഷിങ്ടൺ: ഇറാനെ പരാജയപ്പെടുത്തിയതിന് ശേഷം ഹോർമുസ് കടലിടുക്കിനെ അമേരിക്കയുടെ പ്രദേശമായി പ്രഖ്യാപിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ന്യൂയോർക്കിലെ ഗാർഡൻ സിറ്റിയിൽ നടന്ന പരിപാടിയിലാണ് ട്രംപ് ഇക്കാര്യം പ്രഖ്യാപിച്ചത്.

“ഇറാനെ പരാജയപ്പെടുത്തിയ ശേഷം അധികം വൈകാതെ ഹോർമുസ് കടലിടുക്കിനെ അമേരിക്കയുടെ പ്രദേശമായി പ്രഖ്യാപിക്കും” എന്നാണ് ട്രംപ് പറഞ്ഞത്. നിലവിൽ തന്ത്രപ്രധാനമായ കടലിടുക്കിൽ അമേരിക്കൻ നാവിക ഉപരോധം തുടരുകയാണെന്നും, തങ്ങളുടെ അനുമതിയില്ലാതെ കപ്പലുകൾക്ക് കടന്നുപോകാനാകില്ലെന്നും ട്രംപ് അവകാശപ്പെട്ടു.

ട്രംപിന്റെ പ്രസ്താവനയ്ക്ക് പിന്നാലെ ഇറാൻ ശക്തമായ പ്രതികരണവുമായി രംഗത്തെത്തി. ഹോർമുസ് കടലിടുക്ക് ഇറാന്റേതായിരുന്നുവെന്നും ഇപ്പോഴും ഇറാന്റേതാണെന്നും ഭാവിയിലും അങ്ങനെതന്നെയായിരിക്കുമെന്നും ഇറാൻ ഉപ വിദേശകാര്യമന്ത്രി കാസിം ഗരീബാബാദി വ്യക്തമാക്കി. കടലിടുക്ക് തുറക്കുന്നതും അടയ്ക്കുന്നതും ഇറാൻ തന്നെയായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഊർജ ഗതാഗതപാതകളിലൊന്നാണ് ഹോർമുസ് കടലിടുക്ക്. നിലവിലെ യുഎസ്–ഇറാൻ സംഘർഷത്തിനിടെ ഇവിടെ കപ്പൽ ഗതാഗതം കുത്തനെ കുറഞ്ഞിട്ടുണ്ട്. ഇതോടെ ആഗോള എണ്ണവിലയിലും ഇന്ധനവിപണിയിലും സമ്മർദം വർധിച്ചിട്ടുണ്ട്. ബ്രെന്റ് ക്രൂഡ് വില ബാരലിന് ഏകദേശം 90 ഡോളറിലേക്ക് അടുക്കുന്നതായാണ് റിപ്പോർട്ടുകൾ.

അതേസമയം, ഹോർമുസ് കടലിടുക്കിനെ യുഎസ് പ്രദേശമാക്കുമെന്ന ട്രംപിന്റെ പ്രഖ്യാപനം യാഥാർഥ്യത്തിൽ എങ്ങനെ നടപ്പാക്കുമെന്നതിൽ വ്യക്തതയില്ല. അന്താരാഷ്ട്ര കപ്പൽ ഗതാഗതത്തിന്റെ നിർണായക പാതയായ കടലിടുക്കിന്റെ പദവി സംബന്ധിച്ച ഇത്തരം അവകാശവാദം അന്താരാഷ്ട്ര നിയമത്തിലും പശ്ചിമേഷ്യൻ രാഷ്ട്രീയത്തിലും വലിയ ചർച്ചകൾക്ക് വഴിവെക്കാൻ സാധ്യതയുണ്ട്.

ഇറാനും അമേരിക്കയും തമ്മിലുള്ള സംഘർഷം തുടരുന്നതിനിടെ ട്രംപിന്റെ പുതിയ പ്രഖ്യാപനം ഹോർമുസ് കടലിടുക്കിനെ ചുറ്റിപ്പറ്റിയുള്ള തർക്കം കൂടുതൽ രൂക്ഷമാക്കുകയാണ്. ആഗോള എണ്ണവിതരണത്തെയും സമുദ്രവ്യാപാരത്തെയും ബാധിക്കുന്ന തരത്തിൽ പ്രതിസന്ധി നീണ്ടാൽ ഇന്ത്യയുൾപ്പെടെയുള്ള എണ്ണ ഇറക്കുമതി രാജ്യങ്ങൾക്കും അതിന്റെ പ്രത്യാഘാതം നേരിടേണ്ടിവരും.