'ഡിഗർ' ട്രെയിലർ പുറത്തിറങ്ങി; കരിയറിലെ ഏറ്റവും വ്യത്യസ്തമായ കഥാപാത്രവുമായി ടോം ക്രൂസ്
ഹോളിവുഡ് നടൻ ടോം ക്രൂസ് നായകനാകുന്ന പുതിയ ചിത്രം 'ഡിഗർ'-ന്റെ ആദ്യ ട്രെയിലർ പുറത്തിറങ്ങി. ഓസ്കർ ജേതാവായ സംവിധായകൻ അലേഹാൻഡ്രോ ജി. ഇന്നാരിറ്റു സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഇതുവരെ കാണാത്ത തരത്തിലുള്ള കഥാപാത്രത്തെയാണ് ടോം ക്രൂസ് അവതരിപ്പിക്കുന്നത്.
ചിത്രത്തിൽ 'ഡിഗർ റോക്ക്വെൽ' എന്ന ശക്തനായ വ്യവസായിയുടെ വേഷത്തിലാണ് ടോം ക്രൂസ് എത്തുന്നത്. പ്രായം കൂടിയതും അമിതവണ്ണമുള്ളതുമായ കഥാപാത്രത്തിനായി പ്രത്യേക മേക്കപ്പും രൂപമാറ്റവും നടൻ സ്വീകരിച്ചിട്ടുണ്ടെന്നാണ് ട്രെയിലറിൽ നിന്ന് വ്യക്തമാകുന്നത്.
പരിസ്ഥിതി ദുരന്തവും അതിനെ തുടർന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. ആക്ഷൻ ചിത്രങ്ങളിൽ നിന്ന് വ്യത്യസ്തമായി, ആക്ഷേപഹാസ്യവും നാടകീയതയും കലർന്ന കഥാപാത്രത്തിലൂടെയാണ് ടോം ക്രൂസ് ഇത്തവണ പ്രേക്ഷകരെ കാണാൻ എത്തുന്നത്.
ജെസ്സി പ്ലെമൺസ്, ജോൺ ഗുഡ്മാൻ, റിസ് അഹമ്മദ്, സാന്ദ്ര ഹുള്ളർ, സോഫി വൈൽഡ് എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. ചിത്രം ഒക്ടോബർ 2-ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ റിലീസ് ചെയ്യും.