വൃത്തത്തിലെ ശൂന്യത ; ശാന്തത, നിശബ്ദത
അവധൂത് ജി
എല്ലാവർക്കും സന്തോഷം വേണം. അതിനായി അക്ഷീണം പ്രവർത്തിക്കുന്നു. എങ്കിലും ജീവിതാവസാനം വരെയും അവർ സന്തോഷം എന്താണ് എന്നറിയുന്നില്ല. സന്തോഷിച്ചുകൊണ്ട് ആരുടെയും ജീവിതം അവസാനിക്കുന്നില്ല. സ്വന്തം ജീവിതവും മറ്റുള്ളവരുടെ ജീവിതം യാഥാർഥ്യമായി തന്റെ മുന്നിലുള്ള പ്പോഴും അവയെ കണ്ടില്ലന്ന് നടിച്ചുകൊണ്ട് വീണ്ടും മനസ്സിൻ്റെ വ്യാഖ്യാനങ്ങളെ മുറുക്കിപ്പിടിച്ചുകൊണ്ട് സന്താപത്തോടെ ജീവിതം നയിക്കുന്നു. അപ്പോഴാണ് ജീവിതം നിരാശയുടെ പടുകുഴിയിൽ പെട്ടുപോകുന്നത്. അവൻ അറിയുന്നുവോ സന്തോഷം നേടണമെങ്കിൽ ആദ്യം മനസ്സിൽ ശാന്തത നേടണമെന്ന്? ശാന്തതയുടെയും നിശബ്ദതയുടെയും ഇടയിലാണ് നിശ്ചലത നിൽക്കുന്നത്. അവിടെയാണ് സന്തോഷം നിലനിൽക്കുന്നത്. ഇത് കൃത്യമായി മനസ്സിലാക്കാതെ മനസ്സിനോടൊപ്പം സഞ്ചരിച്ചുകൊണ്ട് ജീവിതം വൃഥാവിലാക്കുന്നു. ബഹളത്തിൻ്റെ അഭാവം അല്ല ശാന്തത. അതുപോലെ കേവലം ശബ്ദത്തിൻ്റെ അഭാവവും അല്ല നിശബ്ദത. അതൊരു യോഗാവസ്ഥയാണ്. മനസ്സിൻ്റെ സ്ഥിതിയാണ്. തീർത്തും ബാഹ്യമല്ലാത്തതും ആന്തരികമായതുമാണത്. ആന്തരിക നിശബ്ദത ഉയർന്ന ബോധത്തിൻ്റെ ലക്ഷണമാണ്. നിരീക്ഷണത്തിലൂടെയാണ് ആ പടവുകൾ ഒരാൾ ചവിട്ടിക്കയറുന്നത്. നിരീക്ഷിക്കുമ്പോഴാണ് നാം മനോവ്യാപാരങ്ങളിൽ ജീവിക്കുന്നവരാണ് എന്നറിയുന്നത്. ചിന്തയുടെ കൂട്ടത്തിൽ പെട്ടുകിടക്കുന്നവനാണ് എന്നറിയുന്നത്. ചിന്തകൾ സൃഷ്ടിക്കുന്ന ആശങ്കയുടെ ഇടയിൽ പെട്ടുഴലുന്നവനാണ് എന്നറിയുന്നത്. ആശങ്കയും ഭയവും നിറഞ്ഞ ജീവിതത്തിൽ പെട്ടുകിടക്കുന്നു എന്നറിയുന്നത്. അമ്പ് വിടുന്നതുപോലെ മനസ്സ് ഒന്നിനു പിറകെ മറ്റൊന്നായി ആഗ്രഹങ്ങളുടെ അമ്പ് എയ്തുകൊണ്ടിരിക്കുന്നു. അവ പ്രതീക്ഷ സൃഷ്ടിക്കുന്നു. അവിടെ ത്രികാലം ഉദയം ചെയ്യുന്നു. അതു പ്രകാരം പ്രതീക്ഷ, നിരാശ, ആശങ്ക എന്നിവ ഉണ്ടായി വീണ്ടും വീണ്ടും മനസ്സിൽ ചലനങ്ങൾ സൃഷ്ടിക്കുന്നു. അപ്പോൾ ശാന്തത എവിടെ? എന്നാൽ ഇവയെല്ലാം നടക്കുമ്പോഴും സാക്ഷിയായി നിരീക്ഷിക്കുമ്പോഴാണ് സത്യം ബോധ്യപ്പെടുന്നത്. അപ്പോഴാണ് ഇവയെല്ലാം മങ്ങിപ്പോകുന്നത്. ആ സമയത്താണ് ശാന്തതയും നിശബ്ദതയും അവനവനിൽ സ്വയം ഉദിക്കുന്നത്.
ശാന്തത (Calmness)
ശാന്തത നാം ബോധപൂർവം നിർബന്ധമായി ഉണ്ടാക്കുന്നതോ അല്ലെങ്കിൽ മറ്റൊരാൾ നൽകുന്നതോ അല്ല. ഞാൻ ശാന്തനല്ല എന്ന ചിന്ത തന്നെ കൂടുതൽ അശാന്തി ഉണ്ടാക്കുന്നു. അപ്പോൾ എങ്ങനെ ശാന്തമാകാം എന്ന ചോദ്യം മനസ്സിൽത്തന്നെ ഉണ്ടാകുന്നു. അപ്പോൾ നിലവിലെ ശാന്തത ഇല്ലായ്മയും ഭാവിയിലെ ശാന്തത നേടലും മനസ്സിൽത്തന്നെ വലിയൊരു സംഘർഷം സൃഷ്ടിക്കും. അങ്ങനെ പ്രയത്നവും പരാജയവും ഭീതിയും എല്ലാം അസ്വസ്ഥതയുടെ പരമ്പര തന്നെ അവനിൽ സൃഷ്ടിക്കുന്നു.
എന്നാൽ നോക്കൂ.., ഒരാൾ നിരീക്ഷണത്തിലേക്ക് എത്തിയാൽ അവിടെ ശാന്തത സ്വാഭാവികമായി വിരിയും. കാരണം മനസ്സിനെ അവിടെ ഉപയോഗിക്കുന്നില്ല. അവൻ മനസ്സാൽ നിയന്ത്രിക്കപ്പെടുന്നില്ല. അവൻ മനസ്സിനെയും നിയന്ത്രിക്കുന്നില്ല. കേവലം നിരീക്ഷിക്കുക മാത്രമേ ചെയ്യുന്നുള്ളൂ. ഓർക്കുക, നമ്മുടെ മനസ്സ് ഒരു പ്രത്യേക കാര്യം നേടുവാൻ ശ്രമിക്കുമ്പോൾ മാത്രമാണ് ആന്തരികമായി കലഹമുണ്ടാകുന്നത്.
നിശബ്ദത (Silence)
നിശബ്ദത എന്നു പറയുമ്പോൾ ചിലപ്പോൾ ചിന്തിക്കാം ആ തലം എന്നത് ചിന്തയില്ലായ്മ ആയിരിക്കാം എന്ന്. എന്നാൽ അതൊന്നും അല്ല നിശബ്ദത. അങ്ങനെ ചിന്തിച്ചാൽ ആർക്കും ഒരിക്കലും നിശബ്ദത രുചിക്കുവാൻ സാധ്യമല്ല. പറഞ്ഞു വരുന്നത് നാം മനസ്സിൻ്റെ വ്യാഖ്യാനങ്ങളിൽ നിന്നും ആദ്യം മോചിതനാകണം എന്നാണ്. അതിന് മനസ്സിൻ്റെ ചലനങ്ങളെ കേവലം നിരീക്ഷിക്കുക മാത്രം ചെയ്യുക. ഉണർന്നവൻ ഉള്ളപ്പോൾ നമ്മളിൽ ഉറങ്ങുന്നവൻ ഉണ്ടാവുകയില്ലെന്ന് അറിയുക.
നിരീക്ഷിക്കുമ്പോൾ യാന്ത്രികമായി ഉണ്ടാകുന്ന ചിന്ത, ആ ചിന്തയുടെ തുടർച്ച, അതിനോടൊപ്പം ഉണ്ടാകുന്ന മറ്റു പല ചിന്തകളുടെയും പ്രയാണം, വിചാരങ്ങൾ, അവയുടെ ഭാരം, അതുണ്ടാക്കുന്ന ആന്തരിക സംഘർഷം, എന്തോ നേടണം, പ്രാപിക്കണം എന്നിവയ്ക്കു വേണ്ടിയുള്ള അമിതമായ പ്രയത്നം ഇവയെല്ലാം മനസ്സിനെ കൂടുതൽ അസ്വസ്ഥമാക്കുന്നു. കാരണം മനസ്സ് മുന്നേറ്റത്തിന്റെ മോഹവലയം സൃഷ്ടിക്കുന്നു. നിരീക്ഷണം ചെയ്യുമ്പോൾ നാം നമ്മളിൽ നടക്കുന്ന സത്യത്തെ കാണുന്നു. ഇവയെല്ലാം അപ്രത്യക്ഷമാകുന്നു. അപ്പോൾ ഉണ്ടാകുന്ന ആ അവസ്ഥയാണ് യഥാർഥ നിശബ്ദത എന്നറിയുക.
ഈ നിശബ്ദതയിൽ നിരീക്ഷിക്കുന്നവനും നിരീക്ഷിക്കപ്പെടുന്നതും തമ്മിൽ ഭേദമില്ല. അതിനർഥം സംഘർഷത്തിനായുള്ള ഒരു സാധ്യതയും അവിടെ ഇല്ല എന്നാണ്.
മനസ്സ് നമ്മളിൽ സദാ പ്രവർത്തിക്കുന്നു. അത് എങ്ങനെ പ്രവർത്തിക്കുന്നു, എപ്രകാരം പ്രവർത്തിക്കുന്നു എന്ന് നിരീക്ഷകൻ ഉണർന്നവന് നല്ലവണ്ണം അറിയുവാൻ സാധിക്കുന്നു. പ്രധാനമായും മനസ്സ് പ്രവർത്തിക്കുന്നത് ഓർമയുടെയും ഭയത്തിന്റെയും ആഗ്രഹത്തിന്റെയും പിന്നാലെ ആയിരിക്കും. നിരീക്ഷണം ചെയ്യുന്നവൻ അവയെ ന്യായികരിക്കാതെ, പേരിടാതെ, വ്യാഖ്യാനിക്കാതെയൊക്കെ നോക്കിക്കാണുമ്പോൾ അവിടെ മനസ്സ് ശാന്തമാകുന്നു. അത് ഒരിക്കലും വരുത്തപ്പെടുന്നതല്ല. അത് അവിടെ ഉദിക്കുന്നതാണ്. ആ ശാന്തതയിലൂടെയാണ് നിശബ്ദതയും സ്വാഭാവികതയിലൂടെ സംഭവിക്കുന്നത്. അതായത് പ്രയത്നത്തിൻ്റെ ഫലമായിട്ടല്ല ശാന്തതയും നിശബ്ദതയും ലഭിക്കുന്നത്. അതിനായി ഒരു പരിശീലനവും ആവശ്യമില്ല. ഓർക്കുക നിരീക്ഷണം ഒരു പരിശീലനമായി കാണരുത്. എല്ലാ പരിശീലനത്തിനും പ്രയത്നം ഉണ്ടെന്ന് അറിയുക. നിരീക്ഷണത്തിൻ്റെ ഭാഗമായി നാം സ്വയം പൂർണമായി കാണപ്പെടുമ്പോൾ ഉള്ളിലെ ചലനം, ശബ്ദം എല്ലാം സ്വയം മങ്ങും. അപ്പോൾ അവ തെളിയുന്നു.