കുട്ടികളിലെ ഡെങ്കിപ്പനിക്ക് ആദ്യ മാർഗനിർദേശം പുറത്തിറക്കി ലോകാരോഗ്യ സംഘടന
കുട്ടികളിലെ ഡെങ്കിപ്പനിക്കുള്ള ചികിത്സ വികസിപ്പിക്കുന്നതിന് ആദ്യമായി പ്രത്യേക മാർഗനിർദേശം പുറത്തിറക്കി ലോകാരോഗ്യ സംഘടന (WHO). കുട്ടികൾക്ക് സുരക്ഷിതവും ഫലപ്രദവുമായ ഡെങ്കി മരുന്നുകൾ വികസിപ്പിക്കുന്നതിനുള്ള ഗവേഷണത്തിനും നിക്ഷേപത്തിനും വേഗം കൂട്ടുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ മാർഗനിർദേശം പുറത്തിറക്കിയത്.
ഡെങ്കിപ്പനി ബാധിതരായ കുട്ടികൾക്ക് നിലവിൽ പ്രത്യേകമായി അംഗീകൃത മരുന്നുകളില്ലെന്നും, അതിനാൽ കുട്ടികളുടെ ആവശ്യങ്ങൾ മുൻനിർത്തിയുള്ള ചികിത്സാ വികസനം അനിവാര്യമാണെന്നും WHO വ്യക്തമാക്കി. മുതിർന്നവർക്കുള്ള മരുന്നുകളിൽ നിന്ന് വ്യത്യസ്തമായി കുട്ടികൾക്ക് അനുയോജ്യമായ ഡോസുകളും ദ്രാവകരൂപത്തിലുള്ളതോ എളുപ്പത്തിൽ കഴിക്കാവുന്നതോ ആയ മരുന്നുകളും വികസിപ്പിക്കേണ്ടതിന്റെ ആവശ്യകത റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു.
2025-ൽ WHO സംഘടിപ്പിച്ച Paediatric Drug Optimization Process (PADO) യോഗത്തിലെ വിദഗ്ധരുടെ ശുപാർശകളുടെ അടിസ്ഥാനത്തിലാണ് പുതിയ മാർഗനിർദേശം തയ്യാറാക്കിയത്. ഡെങ്കിക്കെതിരെ ഫലപ്രദമായ ആന്റിവൈറൽ മരുന്നുകൾ കണ്ടെത്തുക, കുട്ടികൾക്ക് അനുയോജ്യമായ മരുന്നുകളുടെ രൂപകൽപ്പന പ്രോത്സാഹിപ്പിക്കുക, ഗവേഷണത്തിന് കൂടുതൽ ധനസഹായം ഉറപ്പാക്കുക എന്നിവയാണ് പ്രധാന ലക്ഷ്യങ്ങൾ.
2024-ൽ ലോകമെമ്പാടുമായി 1.4 കോടിയിലധികം ഡെങ്കി കേസുകളും 10,000-ത്തിലധികം മരണങ്ങളും റിപ്പോർട്ട് ചെയ്തിരുന്നു. ചെറിയ കുട്ടികളിലാണ് ഗുരുതരമായ സങ്കീർണതകൾക്കും മരണസാധ്യതയ്ക്കും കൂടുതൽ സാധ്യതയുള്ളത്. അതിനാൽ കുട്ടികൾക്കായുള്ള പ്രത്യേക ചികിത്സാരീതികൾ വികസിപ്പിക്കുന്നത് ആഗോള പൊതുജനാരോഗ്യ രംഗത്ത് നിർണായക മുന്നേറ്റമാകുമെന്ന് WHO വിലയിരുത്തി.