നാടക നടൻ കെപിഎസി രാജേന്ദ്രൻ അന്തരിച്ചു
Jul 31, 2025, 19:21 IST


അരനൂറ്റാണ്ടായി നാടക രംഗത്ത് സജീവമായിരുന്നു. വൃക്ക സംബന്ധമായ അസുഖങ്ങളെത്തുടർന്ന് വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. ‘നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി’ ഉൾപ്പെടെ കെപിഎസിയുടെ നിരവധി പ്രധാന നാടകങ്ങളിലെ സജീവ സാന്നിധ്യമായിരുന്നു അദ്ദേഹം.
സ്കൂൾ നാടകങ്ങളിലൂടെ കലാരംഗത്തേക്ക് കടന്നുവന്ന രാജേന്ദ്രൻ, കേരളത്തിലെ ഒട്ടുമിക്ക നാടക ട്രൂപ്പുകളിലും അഭിനയിച്ചിട്ടുണ്ട്. കെപിഎസി നാടക സമിതിക്കൊപ്പം 40 വർഷത്തോളം പ്രവർത്തിച്ച അദ്ദേഹം, സൂര്യസോമ, ചങ്ങനാശേരി നളന്ദാ തീയേറ്റേഴ്‌സ്, ഗീഥാ ആർട്‌സ് ക്ലബ്ബ് തുടങ്ങിയ ട്രൂപ്പുകളിലും തൻ്റെ അഭിനയപാടവം തെളിയിച്ചിട്ടുണ്ട്.