ഈ അവധികാലം കുമരകത്താകാം......

 
Kumarakam

കുമരകം : പരീക്ഷ ദിനങ്ങൾ അവസാനിച്ചു അവധിക്കാലത്തിന് തുടക്കമായി, മീനച്ചൂടിന്റെ തീവ്രത കുറഞ്ഞ വേമ്പനാട് കായൽ തീരങ്ങൾ ഉല്ലാസത്തിനെത്തുന്ന സഞ്ചാരികളെ സ്വാഗതം ചെയ്യുകയാണ്. ഏതൊരാൾക്കും സ്വന്തം പോക്കറ്റിൽ ഒതുങ്ങുന്ന വിനോദങ്ങൾ ഒരുക്കി, കുമരകം കാത്തിരിക്കുകയാണ്. അഡൽബിഹാരി വാജ്പേയ്, ചാൾസ് രാജകുമാരൻ, തുടങ്ങിയ വ്യക്തിത്വങ്ങൾ എത്തിയ ഈ ഹരിത ഗ്രാമത്തിൽ ഇരുപത് ലോകരാജ്യങ്ങളും വിരുന്നു വന്നു.

20 നക്ഷത്ര ഹോട്ടലുകൾ, 125 ൽപരം ഹൗസ് ബോട്ടുകൾ, 10 ഓളം ഹോംസ്റ്റേകൾ, കുടുംബങ്ങൾ എത്തുന്ന രുചിയുടെ കലവറയായ ഷാപ്പുകൾ, ഏകപത്നീ വൃതക്കാരനെന്ന് ഖ്യാതി നേടിയ കുമരകം കരിമീൻ, കായൽ കൊഞ്ച്, പച്ചപ്പ് നിറഞ്ഞ പാടശേഖരങ്ങൾ, കായൽ- കനാൽ യാത്രകൾ  എന്നിങ്ങനെ വേറിട്ട കാഴ്ചകൾ കൊണ്ട് സമൃദ്ധമാണ് അപ്പർകുട്ടനാടിന്റെ ഗ്രാമങ്ങൾ ഒത്തുചേരുന്ന കുമരകം ടൂറിസം കേന്ദ്രം. കായലിൽ അഡ്വഞ്ചർ ടൂറിസവും കുമരകത്തിൻരെ പുത്തൻ അനുഭവമാണ്.

ഉത്തരവാദിത്വം മുഖമുദ്ര : കുമരകം ടൂറിസം കേന്ദ്രത്തിൽ എത്തുന്ന സഞ്ചാരിക്ക് ആവശ്യമായ കാഴ്ചകൾ ഒരുക്കാൻ ടൂറിസം വകുപ്പിന്റെ കീഴിൽ ഉത്തരവാദിത്വ ടൂറിസം മിഷൻ പ്രവർത്തിക്കുന്നു. തെങ്ങ് ചെത്ത്, ഓലമെടയൽ, കനാൽ ടൂറിസം, കായൽ യാത്രകൾ, പുരാതന ക്ഷേത്രകലകൾ, എന്നിങ്ങനെ സഞ്ചാരികളുടെ അഭിരുചിക്ക് അനുസരിച്ചുള്ള ഉല്ലാസയാത്രകൾ ഉത്തരവാദിത്വ ടൂറിസം മിഷൻ വഴി ലഭ്യമാണ്. കവണാറ്റിൻകരയിൽ സ്ഥിതി ചെയ്യുന്ന ടൂറിസം ഡപ്യൂട്ടിഡയറക്ടറുടെ കാര്യാലയത്തിലാണ് മിഷൻ പ്രവർത്തിക്കുന്നത്. കൂടുതൽ സഹായങ്ങൾക്ക് ജില്ലാ കോ ഓർഡിനേറ്ററുമായി ബന്ധപ്പെടാം ഫോൺ : 9633992977

ബഡ്ജറ്റ് ഫ്രണ്ട് കായൽ യാത്ര : കുമരകം കായലിലൂടെ സഞ്ചരിക്കാൻ പതിനായിരങ്ങൾ വേണമെന്ന ചിന്ത വേണ്ട, കേരളത്തിലെ ഏറ്റവും വലിയ കായലിലൂടെ ഏറ്റവും ദൈർഘ്യമേറിയ ജലപാതയിലൂടെ സഞ്ചരിക്കാൻ ഒരാൾക്ക് കേവലം 16 രൂപ മതിയാകും. ജലഗതാഗത വകുപ്പിന്റെ പാസ്സഞ്ചർ ബോട്ട് സർവ്വീസിലാണ് ഈ സൗകര്യം ലഭിക്കുന്നത്. മുഹമ്മയിൽ നിന്നും പാതിരാമണലിലേയക്ക് സ്പെഷ്യൽ ബോട്ട് സർവ്വീസും ഇവിടുണ്ട്. ഫോൺ: 9400050331

വലിയമടക്കുഴി വാട്ടർ തീം പാർക്ക് : കായൽ ഉല്ലാസത്തിന് കുമരകത്ത് എത്തുന്ന സഞ്ചാരികൾക്ക് മറ്റ് വിനോദങ്ങളില്ലെന്ന് കരുതണ്ട, കുറഞ്ഞചിലവിൽ പ്രായഭേതമന്യേ ഏവർക്കും ആസ്വദിക്കാൻ കഴിയുന്ന വാട്ടർ തീം പാർക്കാണ് അയ്മനം ഗ്രാമപ്പഞ്ചായത്ത് സഞ്ചാരികൾക്കായി ക്രമീകരിച്ചിരിക്കുന്നത്. ജില്ല ടൂറിസം പ്രമോഷൻ കൗൺസിലാണ് പാർക്കിന്റെ പ്രവർത്തനം നടത്തുന്നത്. 5.5 ഏക്കർ വിസ്തൃതിയുള്ള പാർക്ക് സന്ദർശിക്കാതെ മടങ്ങുന്നത് തീരാനഷ്ടമാകും ഫോൺ:  99464343566

കാർഷിക കുമരകം :  കുമരകം ഗ്രാമത്തിൻരെ പ്രശസ്തി ലോകമറിഞ്ഞത് നെൽപ്പാടങ്ങളുടെ പച്ചപ്പും ജലാശങ്ങളുടെ സൗന്ദര്യവും കൊണ്ടാണ്. രണ്ടാം ലോകമഹായുദ്ധകാലത്ത് ഭക്ഷ്യ ക്ഷാമം പരിഹരിക്കാൻ കായൽ പ്രദേശങ്ങൾ വറ്റിച്ചാണ് നെൽകൃഷി നടത്തിയത്. കുമരകത്തിൻരെ കാർഷിക മേഖലയെ കുറിച്ച് പഠിക്കാനും അറിയാനും കൃഷി വിഞ്ജാനകേന്ദ്രം പ്രാദേശീക കാർഷിക ഗവേഷണകേന്ദ്രം എന്നീ സ്ഥാപനങ്ങൾ വേറിട്ട കാഴ്ചകളും അറിവും പരകർന്ന് നൽകും. ഫോൺ : 8281750541