യു.എസ്. ഫെഡറൽ റിസർവിന്റെ നിർണായക സമിതികളിൽ രഘുറാം രാജൻ ഉൾപ്പെടെ മൂന്ന് ഇന്ത്യൻ വംശജർ
വാഷിങ്ടൺ: മുൻ റിസർവ് ബാങ്ക് ഗവർണർ രഘുറാം രാജൻ ഉൾപ്പെടെ മൂന്ന് ഇന്ത്യൻ വംശജരെ യു.എസ്. ഫെഡറൽ റിസർവ് രൂപവത്കരിച്ച ഉന്നതതല ടാസ്‌ക് ഫോഴ്‌സുകളിലേക്ക് നിയമിച്ചു. ഫെഡിന്റെ ധനനയ ചട്ടക്കൂടും പ്രവർത്തന രീതികളും സമഗ്രമായി വിലയിരുത്തുന്നതിനായി രൂപീകരിച്ച അഞ്ച് സമിതികളിലേക്കാണ് ഇവരുടെ നിയമനം.
രഘുറാം രാജൻ ബാലൻസ് ഷീറ്റ് നയവുമായി ബന്ധപ്പെട്ട ടാസ്‌ക് ഫോഴ്‌സിലും, ഹാർവാർഡ് സർവകലാശാലയിലെ സാമ്പത്തിക വിദഗ്ധൻ രാജ് ചെറ്റി ഡാറ്റാ ടാസ്‌ക് ഫോഴ്‌സിലും, മൈക്രോസോഫ്റ്റ് എക്സിക്യൂട്ടീവ് ആശാ ശർമ കൃത്രിമ ബുദ്ധിയും തൊഴിലും സംബന്ധിച്ച ടാസ്‌ക് ഫോഴ്‌സിലും പ്രവർത്തിക്കും.
പണപ്പെരുപ്പം, ഡാറ്റാ വിശകലനം, ബാലൻസ് ഷീറ്റ് മാനേജ്മെന്റ്, കൃത്രിമ ബുദ്ധിയുടെ സ്വാധീനം, ആശയവിനിമയ നയം തുടങ്ങിയ മേഖലകളിൽ ഫെഡറൽ റിസർവിന് ശുപാർശകൾ നൽകുകയാണ് ഈ സമിതികളുടെ ചുമതല. ഇവയുടെ റിപ്പോർട്ടുകൾ യു.എസ്. കേന്ദ്ര ബാങ്കിന്റെ ഭാവി ധനനയ രൂപീകരണത്തിൽ നിർണായക സ്വാധീനം ചെലുത്തുമെന്നാണ് വിലയിരുത്തപ്പെടുന്നത്.