സൈനികരുടെ സോഷ്യൽ മീഡിയ പോസ്റ്റുകൾ വഴി യു.എസ്. താവളങ്ങൾ നിരീക്ഷിക്കുന്നോ?

മൊബൈൽ ഫോൺ നിയന്ത്രണം കടുപ്പിക്കാൻ യുഎസ് സൈന്യം ആലോചിക്കുന്നു
 
World

വാഷിങ്ടൺ: പശ്ചിമേഷ്യയിൽ വിന്യസിച്ചിരിക്കുന്ന യു.എസ്. സൈനികരുടെ സോഷ്യൽ മീഡിയ പോസ്റ്റുകളും മൊബൈൽ ഫോണിൽ നിന്നുള്ള വിവരങ്ങളും ഉപയോഗിച്ച് ഇറാൻ അമേരിക്കൻ സൈനിക താവളങ്ങളെക്കുറിച്ചുള്ള നിർണായക വിവരങ്ങൾ ശേഖരിക്കുന്നുവെന്ന ആശങ്ക ശക്തമായതിനെ തുടർന്ന് സൈനികരുടെ ഫോൺ ഉപയോഗത്തിന് കൂടുതൽ നിയന്ത്രണം ഏർപ്പെടുത്താൻ യു.എസ്. സൈന്യം ആലോചിക്കുന്നു. 

യു.എസ്. സെൻട്രൽ കമാൻഡ് (CENTCOM) മേധാവി അഡ്മിറൽ ബ്രാഡ് കൂപ്പർ സൈനികർ പകർത്തി സമൂഹമാധ്യമങ്ങളിൽ പങ്കിടുന്ന വീഡിയോകളും ചിത്രങ്ങളും ശത്രുരാജ്യങ്ങൾക്ക് ആക്രമണങ്ങളുടെ ഫലം വിലയിരുത്താനും സൈനിക കേന്ദ്രങ്ങളെ കൂടുതൽ കൃത്യമായി ലക്ഷ്യമിടാനും സഹായിക്കുന്നുവെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ചില മേഖലകളിൽ വിന്യസിച്ചിരിക്കുന്ന സൈനികരിൽ നിന്ന് മൊബൈൽ ഫോണുകൾ താൽക്കാലികമായി കൈമാറാൻ നിർദേശം വന്നേക്കാമെന്നും റിപ്പോർട്ടുകളുണ്ട്. 

സ്മാർട്ട്ഫോണുകളിലെ ലൊക്കേഷൻ വിവരങ്ങൾ, സോഷ്യൽ മീഡിയ പോസ്റ്റുകൾ, വിവിധ ആപ്പുകളിൽ നിന്നുള്ള ഡാറ്റ എന്നിവ ശത്രുക്കൾക്ക് നിർണായക രഹസ്യവിവരങ്ങളായി മാറാൻ സാധ്യതയുള്ളതിനാൽ സൈനികരുടെ ഡിജിറ്റൽ സുരക്ഷ കൂടുതൽ ശക്തമാക്കേണ്ട സാഹചര്യമാണുള്ളതെന്നാണ് യു.എസ്. സൈനിക വൃത്തങ്ങൾ വിലയിരുത്തുന്നത്. എന്നാൽ ഇതുസംബന്ധിച്ച അന്തിമ ഉത്തരവ് ഇതുവരെ പുറപ്പെടുവിച്ചിട്ടില്ല.