ശ്രീക്കുട്ടൻ വെള്ളായണിയായി "അതിരടി"യിൽ ടോവിനോ തോമസ്; ചിത്രം മെയ് 14ന് ആഗോള റിലീസ്.

 
Enter
Enter

ബേസിൽ ജോസഫ്, ടൊവിനോ തോമസ്, വിനീത് ശ്രീനിവാസൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന മൾട്ടി സ്റ്റാർ ചിത്രം ‘അതിരടി’യിലെ ടോവിനോ തോമസ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ക്യാരക്ടർ പോസ്റ്റർ പുറത്ത്, ശ്രീക്കുട്ടൻ വെള്ളായണി എന്ന് പേരുള്ള ഒരു ഗായകൻ ആയാണ് ടോവിനോ തോമസ് ചിത്രത്തിൽ വേഷമിടുന്നത്. ചിത്രം മെയ് 14 ന് ആഗോള റിലീസായെത്തും. ഒരു മാസ്സ് കോമഡി ക്യാമ്പസ് ആക്ഷൻ എന്റെർറ്റൈനെർ ആയൊരുങ്ങുന്ന ചിത്രം നിർമ്മിക്കുന്നത് ഡോ. അനന്തു എന്റർടൈൻമെൻറ്സിന്റെ ബാനറിൽ ഡോ. അനന്തു എസും, ബേസിൽ ജോസഫ് എന്റർടൈൻമെൻറ്സിന്റെ ബാനറിൽ ബേസിൽ ജോസഫും ചേർന്നാണ്. നവാഗതനായ അരുൺ അനിരുദ്ധൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. സംവിധായകനും ഛായാഗ്രാഹകനുമായ സമീർ താഹിറും ടൊവിനോ തോമസും ആണ് ചിത്രത്തിന്റെ കോ-പ്രൊഡ്യൂസർമാർ.

നേരത്തെ ചിത്രത്തിലെ ബേസിൽ ജോസഫിന്റെ ക്യാരക്ടർ പോസ്റ്ററും പുറത്തു വന്നിരുന്നു. സാം ബോയ് എന്ന് വിളിപ്പേരുള്ള ഒരു കോളേജ് വിദ്യാർത്ഥിയായാണ് ബേസിൽ ഈ ചിത്രത്തിലഭിനയിക്കുന്നത്. കോളേജ് വിദ്യാർഥിയുടെ ലുക്കിൽ ഗംഭീര മേക്കോവറിലാണ് ബേസിൽ ജോസഫിനെ ഇതിൽ കാണാൻ സാധിക്കുക. സ്റ്റൈലിഷ് ലുക്കിലാണ് ബേസിലിനെ ചിത്രത്തിൽ അവതരിപ്പിക്കുന്നത് എങ്കിൽ, മാസ്സ് ലുക്കിലാണ് ടോവിനോ തോമസിനെ  അവതരിപ്പിക്കുന്നത്. ബേസിൽ ജോസഫ് - ടോവിനോ തോമസ് - വിനീത് ശ്രീനിവാസൻ ടീമിൻ്റെ തകർപ്പൻ പ്രകടനം ആയിരിക്കും ചിത്രത്തിൻ്റെ ഹൈലൈറ്റ് എന്നാണ് സൂചന. നേരത്തെ പുറത്തു വന്ന, ബേസിൽ ജോസഫ്, ടോവിനോ തോമസ്, വിനീത് ശ്രീനിവാസൻ എന്നിവരെ ഏറെ രസകരമായും മാസ്സ് ആയും അവതരിപ്പിച്ച, ചിത്രത്തിന്റെ  ടൈറ്റിൽ ടീസറും ഏറെ ശ്രദ്ധ നേടിയിരുന്നു.

ചിത്രത്തിന്റെ ഫൺ എൻ്റർടെയ്നർ മൂഡ് പ്രേക്ഷകർക്ക് പകർന്നു നൽകുന്ന രീതിയിലാണ് ക്യാരക്ടർ പോസ്റ്ററുകളും ടൈറ്റിൽ പോസ്റ്ററും ടീസറുമെല്ലാം ഒരുക്കിയിരിക്കുന്നത്. കാമ്പസിന്റെ പശ്‌ചാത്തലത്തിൽ ആക്ഷനും കോമഡിയും കോർത്തിണക്കി ഒരുക്കുന്ന ഒരു പക്കാ ഫെസ്റ്റിവൽ ചിത്രമായാണ് അതിരടി ഒരുങ്ങുന്നത്. അത്കൊണ്ട് തന്നെ വെക്കേഷൻ കാലത്ത് എല്ലാത്തരം പ്രേക്ഷകർക്കും തീയേറ്ററിൽ വന്നു ആഘോഷിച്ചു കാണാവുന്ന രീതിയിലാണ് ചിത്രം എത്തുന്നത്. പ്രേക്ഷകരുടെ ഇഷ്ട താരമായ ബേസിൽ ജോസഫിൻ്റെ ആദ്യ നിർമ്മാണ സംരംഭം എന്ന നിലയിലും ചിത്രത്തെ കുറിച്ചുള്ള പ്രേക്ഷക പ്രതീക്ഷകൾ ഏറെ വലുതാണ്. മിന്നൽ മുരളിക്ക് ശേഷം ബേസിൽ ജോസഫും ടൊവിനോ തോമസും വീണ്ടും ഒന്നിക്കുന്ന ചിത്രം എന്ന നിലയിലും ചിത്രം പ്രേക്ഷക ശ്രദ്ധയാകർഷിക്കുന്നുണ്ട്.

വലിയ ആവേശത്തോടെയാണ് പ്രേക്ഷകർ ഈ ചിത്രത്തെ കാത്തിരിക്കുന്നത്. ഇവർ മൂന്നു പേരെയും കൂടാതെ പ്രേക്ഷകർ ഇഷ്ടപെടുന്ന ഒട്ടേറെ അഭിനേതാക്കൾ ചിത്രത്തിന്റെ താരനിരയിൽ ഉണ്ട്. ബേസിൽ ജോസഫ് ഒരുക്കിയ മിന്നൽ മുരളിയുടെ രചയിതാക്കളിൽ ഒരാളായ  അരുൺ അനിരുദ്ധൻ്റെ സംവിധായകനായുള്ള അരങ്ങേറ്റ ചിത്രമാണ് അതിരടി. മിന്നൽ മുരളിക്ക് ശേഷം ടൊവിനോ തോമസ്, ബേസിൽ ജോസഫ്, സമീർ താഹിർ, അരുണ്‍ അനിരുദ്ധൻ എന്നിവർ വീണ്ടും ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകതയും ഇതിനുണ്ട്. പോൾസൺ സ്കറിയ, അരുൺ അനിരുദ്ധൻ എന്നിവർ ചേർന്നാണ് ചിത്രം രചിച്ചത്. മലയാളം കൂടാതെ, തമിഴ്, തെലുങ്കു, കന്നഡ ഭാഷകളിലും ചിത്രം പ്രദർശനത്തിനെത്തും.

ഛായാഗ്രഹണം - സാമുവൽ ഹെൻറി, സംഗീതം - വിഷ്ണു വിജയ്, എഡിറ്റർ - ചമൻ ചാക്കോ, പ്രൊഡക്ഷൻ ഡിസൈനർ - മാനവ് സുരേഷ്, കോസ്റ്റ്യൂം - മഷർ ഹംസ, മേക്കപ്പ് - റൊണക്സ് സേവ്യർ, സൗണ്ട് ഡിസൈനർ - നിക്സൺ ജോർജ്, വരികൾ - സുഹൈൽ കോയ, പ്രൊഡക്ഷൻ കൺട്രോളർ - ആൻ്റണി തോമസ്, എക്സികുട്ടീവ് പ്രൊഡ്യൂസർ- നിഖിൽ രാമനാഥ്, അമൽ സേവ്യർ മനക്കത്തറയിൽ, ഫിനാൻസ് കൺട്രോളർ - ഐഡൻചാർട്ട്സ്, വിഎഫ്എക്സ് - മൈൻഡ്സ്റ്റെയിൻ സ്റ്റുഡിയോസ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ - സുകു ദാമോദർ, സോഹിൽ, സ്റ്റിൽസ് - രോഹിത് കെ സുരേഷ്, ടൈറ്റിൽ ഡിസൈൻ - സർക്കാസനം, പബ്ലിസിറ്റി ഡിസൈൻ - റോസ്റ്റഡ് പേപ്പർ, പിആർഒ - വൈശാഖ് സി വടക്കെവീട്, ജിനു അനിൽകുമാർ.