നാല് ദിവസം ട്രാക്ക് അടഞ്ഞു; ഗുരുഗ്രാമിലെ സ്റ്റേഡിയത്തിൽ ഹരിയാന മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റർ
ഗുരുഗ്രാമിലെ താവു ദേവി ലാൽ സ്റ്റേഡിയത്തിൽ ഹരിയാന മുഖ്യമന്ത്രി നയബ് സിങ് സൈനിയുടെ ഔദ്യോഗിക ഹെലികോപ്റ്റർ പാർക്ക് ചെയ്തതിനെ തുടർന്ന് സംസ്ഥാനതല അത്‌ലറ്റുകൾക്ക് നാല് ദിവസത്തോളം പരിശീലനം മുടങ്ങി. സിന്തറ്റിക് റണ്ണിങ് ട്രാക്കും പ്രധാന പരിശീലന സൗകര്യങ്ങളും സുരക്ഷാ കാരണങ്ങളാൽ അടച്ചതോടെയാണ് താരങ്ങൾക്ക് പരിശീലനം നടത്താനാകാതെ വന്നത്.
ഒക്ടോബർ 4 മുതൽ 6 വരെ മുഖ്യമന്ത്രി സിംഗപ്പൂർ സന്ദർശനത്തിലായിരുന്ന സമയത്താണ് ഹെലികോപ്റ്റർ സ്റ്റേഡിയത്തിൽ നിലയുറപ്പിച്ചത്. ഹെലികോപ്റ്റർ പിന്നീട് ഒക്ടോബർ 6ന് സ്റ്റേഡിയത്തിൽ നിന്ന് മാറ്റിയതോടെയാണ് താരങ്ങൾക്ക് ട്രാക്കിലേക്ക് തിരിച്ചെത്താൻ കഴിഞ്ഞത്. നൂറുകണക്കിന് സംസ്ഥാനതല താരങ്ങൾ ദിവസേന പരിശീലിക്കുന്ന ഈ സ്റ്റേഡിയം പലർക്കും ആശ്രയിക്കാനുള്ള പ്രധാന പരിശീലന കേന്ദ്രമാണെന്ന് താരങ്ങൾ ചൂണ്ടിക്കാട്ടി.
ഹെലികോപ്റ്റർ സ്റ്റേഡിയത്തിൽ പാർക്ക് ചെയ്യുന്നത് ഇതാദ്യമല്ലെന്നും താരങ്ങൾ പറയുന്നു. സുരക്ഷാ പ്രോട്ടോക്കോൾ പ്രകാരം ഹെലികോപ്റ്റർ നിലയുറപ്പിച്ചാൽ റണ്ണിങ് ട്രാക്കും അകത്തെ സിന്തറ്റിക് ഗ്രൗണ്ടും അടച്ചിടേണ്ടിവരും. പരിശീലനത്തിനായി ദൂരസ്ഥലങ്ങളിൽ നിന്ന് കുട്ടികൾ ഉൾപ്പെടെയുള്ളവർ എത്തുന്നതിനാൽ ഇത്തരത്തിലുള്ള നിയന്ത്രണം അവരുടെ പരിശീലനക്രമത്തെ നേരിട്ട് ബാധിക്കുന്നതായി പരിശീലകരും രക്ഷിതാക്കളും വ്യക്തമാക്കി.
ഹെലികോപ്റ്റർ സ്റ്റേഡിയത്തിൽ പാർക്ക് ചെയ്യേണ്ടിവന്നത് സാങ്കേതിക തകരാറിനെ തുടർന്നാണെന്ന് മുഖ്യമന്ത്രിയുടെ മീഡിയ ഉപദേഷ്ടാവ് വ്യക്തമാക്കി. സാധാരണയായി സുരക്ഷാ കാരണങ്ങളാൽ ഹെലികോപ്റ്റർ ഇവിടെ പാർക്ക് ചെയ്താലും അരമണിക്കൂറിനകം പറന്നുയരുമെന്നും ഇത്തവണ യന്ത്രത്തകരാറാണ് നാല് ദിവസം തുടരാൻ കാരണമെന്നും അധികൃതർ വിശദീകരിച്ചു. അതേസമയം, കായിക താരങ്ങളുടെ പരിശീലനത്തെ ബാധിക്കാത്ത തരത്തിൽ ഹെലികോപ്റ്ററിനായി പ്രത്യേക സ്ഥലം കണ്ടെത്തണമെന്ന ആവശ്യം ശക്തമാകുകയാണ്.