പൊതുഭൂമി വിൽക്കാനും ഫെഡറൽ ഭൂസ്വത്ത് കുറയ്ക്കാനും ട്രംപ് ഭരണകൂടം; അമേരിക്കയിൽ രാഷ്ട്രീയ വിവാദം
അമേരിക്കയിലെ സർക്കാർ ഉടമസ്ഥതയിലുള്ള പൊതുഭൂമിയുടെ ഒരു ഭാഗം വിൽക്കാനും ഫെഡറൽ സർക്കാരിന്റെ ഭൂസ്വത്ത് കുറയ്ക്കാനും ലക്ഷ്യമിട്ട് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഭരണകൂടം. ഇതുസംബന്ധിച്ച നിർദേശങ്ങൾ ഉൾപ്പെടുത്തി ആഭ്യന്തര വകുപ്പിന്റെ 2026–2030 കാലയളവിലേക്കുള്ള പുതിയ അഞ്ചുവർഷ തന്ത്രപരമായ പദ്ധതി പുറത്തിറക്കി. സംസ്ഥാനങ്ങൾക്കും തദ്ദേശഭരണ സ്ഥാപനങ്ങൾക്കും ഗോത്രസമൂഹങ്ങൾക്കും ഫെഡറൽ ഭൂമി വാങ്ങാനുള്ള അവസരം നൽകാനാണ് പദ്ധതി ലക്ഷ്യമിടുന്നത്.
ദേശീയ പ്രാധാന്യമുള്ള ഭൂമികളുടെ സംരക്ഷണത്തിലും പരിപാലനത്തിലും കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാണ് ഭൂമി വിൽപ്പനയെന്നാണ് ഭരണകൂടത്തിന്റെ വിശദീകരണം. വിൽപ്പനയിലൂടെ ലഭിക്കുന്ന തുകയുടെ ഒരു ഭാഗം വാങ്ങുന്നവർക്ക് മറ്റ് പ്രദേശങ്ങളിലെ സംരക്ഷണ പ്രവർത്തനങ്ങൾക്കായി തിരിച്ചുനൽകാനും പദ്ധതിയുണ്ട്. എന്നാൽ ഏതൊക്കെ പ്രദേശങ്ങളിലെ ഭൂമിയാണ് വിൽക്കുക, എത്ര ഭൂമി കൈമാറും തുടങ്ങിയ കാര്യങ്ങളിൽ വ്യക്തത വരുത്തിയിട്ടില്ല. ഊർജ ഉൽപ്പാദനം വർധിപ്പിക്കുന്നതിനായി ഭൂമി കൈമാറ്റവും പരസ്പര കൈമാറ്റവും പ്രോത്സാഹിപ്പിക്കാനും പദ്ധതിയിൽ നിർദേശമുണ്ട്.
അമേരിക്കൻ ആഭ്യന്തര വകുപ്പിന്റെ നിയന്ത്രണത്തിൽ 7.5 ലക്ഷത്തിലേറെ ചതുരശ്ര മൈൽ ഭൂമിയുണ്ട്. ഇതിൽ ഭൂരിഭാഗവും പടിഞ്ഞാറൻ സംസ്ഥാനങ്ങളിലാണ്. നെവാഡയിൽ ഏകദേശം 80 ശതമാനം ഭൂമിയും ഫെഡറൽ സർക്കാരിന്റെ നിയന്ത്രണത്തിലാണ്. ഭൂമിയുടെ ഉടമസ്ഥാവകാശം കുറയ്ക്കുന്നത് വികസനത്തിനും സാമ്പത്തിക പ്രവർത്തനങ്ങൾക്കും സഹായകമാകുമെന്നാണ് പദ്ധതിയെ അനുകൂലിക്കുന്നവരുടെ വാദം. അതേസമയം, പൊതുഭൂമികൾ സ്വകാര്യ താൽപര്യങ്ങൾക്കായി വിട്ടുനൽകുന്നത് പരിസ്ഥിതി സംരക്ഷണത്തെയും പൊതുജനങ്ങളുടെ അവകാശങ്ങളെയും ബാധിക്കുമെന്നാണ് വിമർശകരുടെ ആശങ്ക.
പദ്ധതിക്കെതിരെ റിപ്പബ്ലിക്കൻ പാർട്ടിയിൽ നിന്നുൾപ്പെടെ എതിർപ്പുയർന്നിട്ടുണ്ട്. ട്രംപിന്റെ ആദ്യ ഭരണകാലത്ത് ആഭ്യന്തര സെക്രട്ടറിയായിരുന്ന റിപ്പബ്ലിക്കൻ പ്രതിനിധി റയാൻ സിങ്കെയും ഭൂമി വിൽപ്പനയെ എതിർത്തു. പൊതുഭൂമി അമേരിക്കൻ ജനതയുടേതാണെന്നും സ്വകാര്യ താൽപര്യങ്ങൾക്കായി വിട്ടുനൽകാനാവില്ലെന്നും ഡെമോക്രാറ്റിക് നേതാക്കളും വ്യക്തമാക്കി. 1970-കളിലെ ഫെഡറൽ നിയമങ്ങൾ സർക്കാർ ഭൂമി വിൽക്കുന്നതിന് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. അതിനാൽ പദ്ധതി നടപ്പാക്കുന്നതിന് കോൺഗ്രസിന്റെ സഹകരണം ആവശ്യമായി വന്നേക്കും. 2026 മുതൽ 2030 വരെയുള്ള കാലയളവിലെ വകുപ്പിന്റെ പ്രവർത്തനങ്ങൾക്ക് മാർഗരേഖയാകുന്ന പദ്ധതി ഭാവി ഭരണകൂടങ്ങളെ നിർബന്ധമായും ബാധിക്കുന്നതല്ല.