ഇംപീച്ച്മെന്റ് നീക്കത്തിനിടെ പീറ്റ് ഹെഗ്സെത്തിന് പിന്തുണയുമായി ട്രംപ്
വാഷിങ്ടൺ: അമേരിക്കൻ പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്തിനെതിരെ ഇംപീച്ച്മെന്റ് നടപടികൾക്ക് നീക്കം ശക്തമാകുന്നതിനിടെ പരസ്യ പിന്തുണയുമായി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇറാനുമായുള്ള യുദ്ധം കൈകാര്യം ചെയ്ത രീതിയും സൈനിക നടപടികളുമായി ബന്ധപ്പെട്ട വിവാദങ്ങളുമാണ് ഹെഗ്സെത്തിന് എതിരെ വിമർശനം ശക്തമാക്കിയത്. എന്നാൽ രണ്ട് യുദ്ധങ്ങളിൽ വിജയം നേടിയ നേതാവാണ് ഹെഗ്സെത്തെന്നും അദ്ദേഹത്തെ പുറത്താക്കേണ്ട സാഹചര്യമില്ലെന്നും ട്രംപ് വ്യക്തമാക്കി.
റിപ്പബ്ലിക്കൻ പാർട്ടിയിലെ കെന്റക്കി പ്രതിനിധി തോമസ് മാസിയാണ് ഹെഗ്സെത്തിനെതിരെ ഇംപീച്ച്മെന്റ് പ്രമേയം അവതരിപ്പിച്ചത്. അധികാരദുർവിനിയോഗം നടത്തിയെന്നും കോൺഗ്രസിന്റെ അനുമതിയില്ലാതെ ഇറാനെതിരായ യുദ്ധം ആരംഭിക്കുന്നതിനുള്ള നിയമവിരുദ്ധ ഉത്തരവുകൾ നടപ്പാക്കിയെന്നും പ്രമേയത്തിൽ ആരോപിക്കുന്നു. യെമൻ, വെനസ്വേല എന്നിവിടങ്ങളിലെ അമേരിക്കൻ സൈനിക നടപടികളും ആരോപണങ്ങളിൽ ഉൾപ്പെടുന്നു. എട്ട് ഇംപീച്ച്മെന്റ് ആരോപണങ്ങളാണ് മാസി ഉന്നയിച്ചിരിക്കുന്നത്.
ഹെഗ്സെത്തിന്റെ നേതൃത്വത്തിലുള്ള സൈനിക നടപടികളെ ന്യായീകരിച്ച ട്രംപ്, വെനസ്വേലയിലും ഇറാനിലും അമേരിക്ക വിജയം നേടിയതായി അവകാശപ്പെട്ടു. സൈനിക റിക്രൂട്ട്മെന്റ് നിരക്ക് ഉയർന്നതും ഹെഗ്സെത്തിന്റെ നേട്ടമായി ട്രംപ് ചൂണ്ടിക്കാട്ടി. അതേസമയം, ഇംപീച്ച്മെന്റ് നീക്കത്തിന് പിന്നിൽ രാഷ്ട്രീയ ലക്ഷ്യങ്ങളാണെന്നും മാസി കോൺഗ്രസിന്റെ സമയം പാഴാക്കുകയാണെന്നും ട്രംപ് വിമർശിച്ചു. വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോയും ഹെഗ്സെത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
എന്നാൽ ഡെമോക്രാറ്റിക് പാർട്ടിയുടെ നേതാവ് ഹക്കീം ജെഫ്രീസ് ഇംപീച്ച്മെന്റ് പ്രമേയത്തെ പിന്തുണച്ചിട്ടുണ്ട്. അധികാരദുർവിനിയോഗവും ദേശീയ സുരക്ഷയെ ബാധിക്കുന്ന നടപടികളും ഹെഗ്സെത്തിന്റെ ഭാഗത്തുനിന്നുണ്ടായെന്നാണ് അദ്ദേഹത്തിന്റെ ആരോപണം. ബുധനാഴ്ചയ്ക്കകം പ്രമേയത്തിൽ നടപടിക്രമ വോട്ടെടുപ്പ് നടത്തേണ്ട സാഹചര്യമുണ്ട്. ഹെഗ്സെത്ത് ആരോപണങ്ങൾ തള്ളുകയും രാഷ്ട്രീയപ്രേരിതമായ നീക്കങ്ങളെ ഭയപ്പെടുന്നില്ലെന്ന് വ്യക്തമാക്കുകയും ചെയ്തു. പ്രമേയം സഭയിൽ പാസാകുമോയെന്നതും തുടർനടപടികൾ എന്താകുമെന്നതും അമേരിക്കൻ രാഷ്ട്രീയത്തിൽ നിർണായകമാകും.