ഇന്ത്യൻ വംശജനായ ബാലനെ കടലിൽ നിന്ന് രക്ഷിച്ച 16കാരനായ ലൈഫ് ഗാർഡിന് ട്രംപിന്റെ ആദരം

 
World

വാഷിങ്ടൺ: കടലിലെ ശക്തമായ തിരമാലകളിൽ അകപ്പെട്ട 10 വയസ്സുകാരനായ ഇന്ത്യൻ വംശജനായ ബാലനെ രക്ഷിച്ച 16കാരനായ ലൈഫ് ഗാർഡ് റൈഡർ വില്യംസിനെ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വൈറ്റ് ഹൗസിൽ ആദരിച്ചു. കാലിഫോർണിയയിലെ സീബ്രൈറ്റ് സ്റ്റേറ്റ് ബീച്ചിലായിരുന്നു സംഭവം. 

ജൂലൈ 25ന് ശക്തമായ തിരമാലകളിൽപ്പെട്ട നാഥനീയൽ റായിയെ വില്യംസ് കടലിലേക്ക് ഇറങ്ങി രക്ഷിക്കുകയായിരുന്നു. രക്ഷാപ്രവർത്തനത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായതോടെയാണ് സംഭവം ട്രംപിന്റെ ശ്രദ്ധയിൽപ്പെട്ടത്. 

റായിക്ക് കടലിൽ വെച്ച് ബോധം നഷ്ടപ്പെട്ടിരുന്നുവെന്നും ഏതാനും സെക്കൻഡുകൾ കൂടി വൈകിയിരുന്നെങ്കിൽ മകനെ രക്ഷിക്കാനാകുമായിരുന്നില്ലെന്നും പിതാവ് സുമിത് റായ് പറഞ്ഞു. മറ്റൊരു ലൈഫ് ഗാർഡായ ആരൺ ബോഹ്നനും രക്ഷാപ്രവർത്തനത്തിൽ വില്യംസിനൊപ്പം പങ്കെടുത്തു. 

വൈറ്റ് ഹൗസിലെ ഓവൽ ഓഫീസിൽ റായിയെയും കുടുംബത്തെയും വില്യംസിനെയും കുടുംബത്തെയും ട്രംപ് സ്വീകരിച്ചു. വില്യംസിനെ “യഥാർഥ ഹീറോ” എന്നാണ് ട്രംപ് വിശേഷിപ്പിച്ചത്. രക്ഷാപ്രവർത്തനത്തിനിടെ ലഭിച്ച പരിശീലനമാണ് നിർണായക നിമിഷങ്ങളിൽ തന്നെ സഹായിച്ചതെന്ന് വില്യംസ് പറഞ്ഞു. 

ഭാവിയിൽ ഫയർഫോഴ്സിൽ ചേരാനും പാരാമെഡിക്കാകാനും ആഗ്രഹിക്കുന്നതായി വില്യംസ് പറഞ്ഞു. അദ്ദേഹത്തിന് മികച്ച ശുപാർശകൾ ലഭിക്കുമെന്നും ട്രംപ് സൂചിപ്പിച്ചു.