ഇറാന്റെ ഖാർഗ് ദ്വീപ് തകർക്കുന്ന എഐ വീഡിയോ പങ്കുവെച്ച് ട്രംപ്
ഇറാന്റെ പ്രധാന എണ്ണ കയറ്റുമതി കേന്ദ്രമായ ഖാർഗ് ദ്വീപ് തകർക്കുന്നതായി ചിത്രീകരിക്കുന്ന എഐ നിർമിത വീഡിയോ സമൂഹമാധ്യമത്തിൽ പങ്കുവെച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. “ഖാർഗ് ദ്വീപ് തകർന്നുകൊണ്ടിരിക്കുന്നു” എന്ന അവകാശവാദത്തോടെയാണ് ട്രംപ് വീഡിയോ പങ്കുവെച്ചത്. എന്നാൽ ഖാർഗ് ദ്വീപിൽ യഥാർഥത്തിൽ യുഎസ് ആക്രമണം നടന്നതായി സ്ഥിരീകരണമില്ല.
ഖാർഗ് ദ്വീപിലെ എണ്ണ സംഭരണ ടാങ്കും എണ്ണക്കപ്പലും വൻ സ്ഫോടനത്തിൽ തകരുന്നതായി കാണിക്കുന്നതാണ് വീഡിയോ. ദൃശ്യങ്ങൾ എഐ ഉപയോഗിച്ച് സൃഷ്ടിച്ചതാണെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ട്രംപ് വീഡിയോ പങ്കുവെച്ചെങ്കിലും സംഭവത്തെക്കുറിച്ച് കൂടുതൽ വിശദാംശങ്ങൾ നൽകിയിട്ടില്ല.
ഇറാന്റെ എണ്ണ കയറ്റുമതിയിൽ ഖാർഗ് ദ്വീപിന് നിർണായക സ്ഥാനമാണുള്ളത്. യുദ്ധത്തിന് മുമ്പ് രാജ്യത്തിന്റെ ക്രൂഡ് ഓയിൽ കയറ്റുമതിയുടെ ഏകദേശം 90 ശതമാനവും ഇവിടെ നിന്നായിരുന്നു.
അതേസമയം, ഖാർഗ് ദ്വീപിൽനിന്ന് വ്യത്യസ്തമായ ലറാക് ദ്വീപിലെ രണ്ട് ഇറാനിയൻ റോക്കറ്റ് ലോഞ്ചറുകൾക്ക് നേരെ യുഎസ് സൈന്യം ആക്രമണം നടത്തിയിരുന്നു. ഹോർമുസ് കടലിടുക്കിൽ കടൽമൈനുകൾ സ്ഥാപിക്കാനുള്ള തയ്യാറെടുപ്പിന്റെ ഭാഗമായിരുന്നു ലോഞ്ചറുകളെന്ന് യുഎസ് സെൻട്രൽ കമാൻഡ് വ്യക്തമാക്കി.
ലറാക് ദ്വീപിലെ ആക്രമണത്തിന് പിന്നാലെ ഇറാൻ ജോർദാനിലെ യുഎസ് സൈനിക താവളങ്ങൾ ലക്ഷ്യമിട്ട് മിസൈൽ ആക്രമണം നടത്തിയതായും റിപ്പോർട്ടുകളുണ്ട്. ഇതോടെ യുഎസും ഇറാനും തമ്മിലുള്ള സംഘർഷം വീണ്ടും ശക്തമായിരിക്കുകയാണ്.
സംഘർഷം രൂക്ഷമായതോടെ ആഗോള എണ്ണവിപണിയിലും പ്രതിഫലനം ഉണ്ടായി. ബ്രെന്റ് ക്രൂഡ് വില 90 ഡോളറിന് മുകളിലേക്ക് ഉയർന്നതായി റിപ്പോർട്ടുകളുണ്ട്.