സിറിയയിലും ലെബനനിലും നിന്ന് സൈന്യത്തെ പിൻവലിക്കണമെന്ന് നെതന്യാഹുവിനോട് ട്രംപ്
സിറിയയിലും ലെബനനിലും വിന്യസിച്ചിരിക്കുന്ന ഇസ്രയേൽ സൈന്യത്തെ (IDF) ഘട്ടംഘട്ടമായി പിൻവലിക്കാൻ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനോട് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ആവശ്യപ്പെട്ടതായി റിപ്പോർട്ട്. കഴിഞ്ഞ ആഴ്ച ഇരുവരും നടത്തിയ ഫോൺ സംഭാഷണത്തിനിടെയാണ് ട്രംപ് ഈ നിർദേശം മുന്നോട്ടുവെച്ചതെന്നാണ് അമേരിക്കൻ, ഇസ്രയേൽ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് റിപ്പോർട്ടുകൾ പറയുന്നത്.
"അവർ നിങ്ങളെ അവിടെ ആഗ്രഹിക്കുന്നില്ല" എന്ന് ട്രംപ് നെതന്യാഹുവിനോട് പറഞ്ഞതായും, പ്രത്യേകിച്ച് സിറിയയിലെ ഇസ്രയേൽ സൈനിക സാന്നിധ്യം മേഖലയിൽ സംഘർഷം വർധിപ്പിക്കുമെന്ന് അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചതായും റിപ്പോർട്ടിൽ പറയുന്നു. അതേസമയം, അതിർത്തി സുരക്ഷ ഉറപ്പാക്കാൻ സുരക്ഷാ മേഖലകൾ അനിവാര്യമാണെന്നാണ് നെതന്യാഹു മറുപടി നൽകിയതെന്നാണ് വിവരം.
സിറിയൻ പ്രസിഡന്റ് അഹമ്മദ് അൽ-ഷറയുമായി ട്രംപ് നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് ഈ ഫോൺ സംഭാഷണം നടന്നത്. ഇതിനിടെ ലെബനനുമായി അമേരിക്കയുടെ മധ്യസ്ഥതയിൽ നടക്കുന്ന സുരക്ഷാ ചർച്ചകളുടെ ഭാഗമായി തെക്കൻ ലെബനനിലെ ചില മേഖലകളിൽ നിന്ന് സൈന്യത്തെ പിൻവലിക്കുന്ന കാര്യവും ചർച്ചയിലുണ്ടെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ ട്രംപിന്റെ നിർദേശത്തെ തുടർന്ന് ഇസ്രയേലിന്റെ നിലപാടിൽ ഇതുവരെ മാറ്റമൊന്നും ഉണ്ടായിട്ടില്ലെന്നാണ് ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നത്.