‘ഹ്യൂമൻ പ്രിന്റർ’ സഹായിക്ക് ട്രംപിന്റെ 45,000 ഡോളർ സമ്മാനം; വെളിപ്പെടുത്തൽ വിവാദത്തിൽ
വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തന്റെ അടുത്ത സഹായിയായ നാറ്റലി ഹാർപ്പിന് 45,000 ഡോളർ പണസമ്മാനം നൽകിയതായി സാമ്പത്തിക വെളിപ്പെടുത്തൽ രേഖകൾ. ‘Cash Gift for Holidays’ എന്ന പേരിലാണ് തുക രേഖപ്പെടുത്തിയിരിക്കുന്നത്. ഹാർപ്പിന് പുറമെ രണ്ട് വനിതാ വൈറ്റ് ഹൗസ് ജീവനക്കാർക്കും ഇതേ തുക വീതം ലഭിച്ചതായാണ് രേഖകൾ വ്യക്തമാക്കുന്നത്.
ട്രംപിന്റെ എക്സിക്യൂട്ടീവ് അസിസ്റ്റന്റായ നാറ്റലി ഹാർപ്പിന് പ്രതിവർഷം 1.5 ലക്ഷം ഡോളറാണ് ശമ്പളം. ഇതിന്റെ ഏകദേശം മൂന്നിലൊന്നിന് തുല്യമാണ് ലഭിച്ച 45,000 ഡോളർ. കമ്മ്യൂണിക്കേഷൻസ് അഡ്വൈസർ മാർഗോ മാർട്ടിനും ഓവൽ ഓഫീസ് ഓപ്പറേഷൻസ് ഡെപ്യൂട്ടി ഡയറക്ടർ ചേംബർലൈൻ ഹാരിസിനും 45,000 ഡോളർ വീതം ലഭിച്ചതായും സാമ്പത്തിക രേഖകളിൽ പറയുന്നു.
ട്രംപിനായി വാർത്തകളും സോഷ്യൽ മീഡിയ പോസ്റ്റുകളും പ്രിന്റ് ചെയ്ത് നൽകുന്ന ഹാർപ്പിനാണ് വൈറ്റ് ഹൗസിൽ ‘ഹ്യൂമൻ പ്രിന്റർ’ എന്ന വിളിപ്പേര് ലഭിച്ചത്. ട്രംപിന്റെ അടുത്ത വൃത്തങ്ങളിൽ സ്ഥിരസാന്നിധ്യമായ ഹാർപ്പിന്റെ സ്വാധീനം അടുത്തിടെ ഏറെ ശ്രദ്ധ നേടിയിരുന്നു.
അതേസമയം, ഇത്രയും വലിയ തുക സർക്കാർ ജീവനക്കാർക്ക് സമ്മാനമായി നൽകിയത് നിയമപരമാണോ എന്നതിനെക്കുറിച്ച് ചോദ്യങ്ങളും ഉയർന്നിട്ടുണ്ട്. മുൻ വൈറ്റ് ഹൗസ് എത്തിക്സ് ഉദ്യോഗസ്ഥൻ റിച്ചാർഡ് പെയിന്റർ ഉൾപ്പെടെയുള്ള ചില വിദഗ്ധർ ഫെഡറൽ ജീവനക്കാരുടെ ശമ്പളത്തിന് പുറത്തുനിന്നുള്ള അധിക പ്രതിഫലവുമായി ബന്ധപ്പെട്ട നിയമങ്ങൾ ചൂണ്ടിക്കാട്ടി ആശങ്ക പ്രകടിപ്പിച്ചു.
എന്നാൽ ട്രംപിന്റെ ഭരണകൂടം സമ്മാനങ്ങളെ ന്യായീകരിച്ചു. സർക്കാർ ചുമതലകളുമായി ബന്ധമില്ലാത്ത വ്യക്തിപരമായ ക്രിസ്മസ് സമ്മാനങ്ങളാണിവെന്നും, ട്രംപിന് തന്റെ അടുത്ത വൃത്തത്തിലുള്ളവർക്കും സഹായികൾക്കും സമ്മാനങ്ങൾ നൽകുന്ന ദീർഘകാല പതിവുണ്ടെന്നും വൈറ്റ് ഹൗസ് വ്യക്തമാക്കി. സംഭവത്തിൽ നിയമ-നൈതിക ചർച്ചകൾ തുടരുന്നതിനിടെയാണ് സാമ്പത്തിക രേഖകളിലെ ഈ വെളിപ്പെടുത്തൽ ശ്രദ്ധ നേടുന്നത്.