ട്രംപിന് വീണ്ടും തിരിച്ചടി; 5 മില്യൺ ഡോളർ നഷ്ടപരിഹാര വിധി പുനഃപരിശോധിക്കണമെന്ന ഹർജി സുപ്രീംകോടതി തള്ളി
എഴുത്തുകാരി ഇ. ജീൻ കരോളിന് അനുകൂലമായ 5 മില്യൺ ഡോളറിന്റെ സിവിൽ കേസിലെ വിധി റദ്ദാക്കണമെന്ന യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ആവശ്യം സുപ്രീംകോടതി വീണ്ടും തള്ളി. കേസിൽ ട്രംപിന്റെ അപ്പീൽ പരിഗണിക്കാൻ വിസമ്മതിച്ച ജൂണിലെ തീരുമാനമാണ് കോടതി ഇപ്പോൾ പുനഃപരിശോധിക്കാതിരുന്നത്.
2023ലെ വിചാരണയിൽ കരോളിനെ ലൈംഗികമായി ദുരുപയോഗം ചെയ്യുകയും പിന്നീട് അപകീർത്തിപ്പെടുത്തുകയും ചെയ്തതിന് ട്രംപിനെ ഉത്തരവാദിയാക്കിയാണ് ജൂറി 5 മില്യൺ ഡോളർ നഷ്ടപരിഹാരം വിധിച്ചത്. സുപ്രീംകോടതിയുടെ പുതിയ തീരുമാനത്തോടെ ഈ വിധി അന്തിമമായി.
വിധി പുനഃപരിശോധിക്കണമെന്ന ട്രംപിന്റെ ആവശ്യം തള്ളിയ സുപ്രീംകോടതി തീരുമാനത്തിന് പ്രത്യേക വിശദീകരണം നൽകിയിട്ടില്ല. കരോൾ ഇതിനകം പലിശയുൾപ്പെടെ ഏകദേശം 5.6 മില്യൺ ഡോളർ നഷ്ടപരിഹാരം നേടിയിട്ടുണ്ട്.
അതേസമയം, കരോളുമായി ബന്ധപ്പെട്ട മറ്റൊരു കേസിലെ 83.3 മില്യൺ ഡോളർ അപകീർത്തി നഷ്ടപരിഹാര വിധിക്കെതിരായ ട്രംപിന്റെ നിയമപോരാട്ടം ഇപ്പോഴും തുടരുകയാണ്.