ട്രംപിന്റെ കർശന നിർദ്ദേശം, കുടിയേറ്റക്കാരെ സൈനിക വിമാനം വഴി ഇന്ത്യയിലേക്ക് തിരിച്ചയയ്ക്കുന്നു

 
World

വാഷിംഗ്ടൺ: യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ കർശന നിർദ്ദേശത്തെത്തുടർന്ന് യുഎസ് സൈന്യം ഇന്ത്യൻ കുടിയേറ്റക്കാരെ സൈനിക വിമാനത്തിൽ നാടുകടത്താൻ തുടങ്ങിയതായി റിപ്പോർട്ട്. യുഎസിന്റെ സി-17 വിമാനത്തിലാണ് കുടിയേറ്റക്കാരുടെ ആദ്യ സംഘം ഇന്ത്യയിലേക്ക് പോയത്.

ഏകദേശം 18,000 ഇന്ത്യൻ കുടിയേറ്റക്കാർ യുഎസിൽ അനധികൃതമായി താമസിക്കുന്നുണ്ടെന്ന് ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്യുന്നു. കുടിയേറ്റക്കാരെ തിരിച്ചയക്കുന്ന യുഎസ് സൈനിക വിമാനങ്ങളുടെ ഏറ്റവും ദൂരെയുള്ള സ്ഥലം ഇന്ത്യയാണ്.

7.25 ലക്ഷം ഇന്ത്യക്കാർ യുഎസിൽ അനധികൃതമായി താമസിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. ഗുജറാത്ത്, പഞ്ചാബ്, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ് നിയമവിരുദ്ധ കുടിയേറ്റക്കാർ കൂടുതലും. മലയാളികൾ കുറവാണ്. മടങ്ങിയെത്തുന്നവരുടെ എണ്ണം 30,000 വരെയാകാം. രേഖകളില്ലാത്ത വ്യക്തികളെ കണ്ടെത്തുക എന്നതാണ് വലിയ വെല്ലുവിളി. മൊത്തം അനധികൃത കുടിയേറ്റക്കാർ ഏകദേശം 1.5 ദശലക്ഷമാണ്. മടങ്ങിയെത്തുന്നവരുടെ എണ്ണത്തിൽ ഇന്ത്യ മെക്സിക്കോയ്ക്കും എൽ സാൽവഡോറിനും പിന്നിലാണ്.

അതേസമയം, പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ട്രംപും ഈ മാസം കൂടിക്കാഴ്ച നടത്തുമെന്ന് റിപ്പോർട്ട്. ഫെബ്രുവരി 13 ന് വാഷിംഗ്ടൺ ഡിസിയിൽ ഇരു നേതാക്കളും കൂടിക്കാഴ്ച നടത്തും. മോദിയും ട്രംപും തമ്മിലുള്ള ഫോൺ സംഭാഷണത്തിൽ വൈറ്റ് ഹൗസ് വൃത്തങ്ങൾ ഇത് സ്ഥിരീകരിച്ചു.

10, 11 തീയതികളിൽ ഫ്രാൻസിൽ നടക്കുന്ന എഐ ഉച്ചകോടിക്ക് ശേഷം മോദി വാഷിംഗ്ടണിലേക്ക് പോകും. വൈറ്റ് ഹൗസ് സന്ദർശനം ഉൾപ്പെടെ രണ്ട് ദിവസം മോദി അവിടെ തങ്ങുന്ന മറ്റ് ഔദ്യോഗിക പരിപാടികളുണ്ട്. വൈറ്റ് ഹൗസിൽ ഒരു അത്താഴവിരുന്നിൽ മോദി പങ്കെടുക്കുമെന്നും റിപ്പോർട്ടുണ്ട്. താരിഫ് പ്രശ്നവും അനധികൃത കുടിയേറ്റവും ഇരു നേതാക്കളും ചർച്ച ചെയ്യാൻ സാധ്യതയുണ്ട്.