ചൈനയുടെ ബഹിരാകാശ നിലയത്തിലേക്ക് ആദ്യ വിദേശ ബഹിരാകാശയാത്രികനാകാൻ പാകിസ്ഥാനിൽ നിന്ന് രണ്ട് പേർ പരിശീലനത്തിൽ
ഭൂമിയിൽ നിന്ന് ആയിരക്കണക്കിന് കിലോമീറ്റർ അകലെയുള്ള ബഹിരാകാശത്തേക്ക് പാകിസ്ഥാനിൽ നിന്ന് ഒരാൾ കൂടി എത്താനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നു. ചൈനയുടെ ടിയാൻഗോങ് ബഹിരാകാശ നിലയത്തിലേക്ക് പോകുന്ന ആദ്യ വിദേശ ബഹിരാകാശയാത്രികനാകാൻ രണ്ട് പാകിസ്ഥാനി പൈലറ്റുകൾ കഠിന പരിശീലനത്തിലാണ്. സെപ്റ്റംബർ 28-ന് റോയിട്ടേഴ്സ് പുറത്തുവിട്ട റിപ്പോർട്ടിലാണ് പുതിയ ദൗത്യത്തിന്റെ വിശദാംശങ്ങൾ വന്നത്.
ചൈനീസ് ഭാഷ പഠിക്കുന്നതിനൊപ്പം സെൻട്രിഫ്യൂജ് പരിശീലനം, മൈക്രോഗ്രാവിറ്റിയിൽ ഭക്ഷണം കഴിക്കുകയും ഉറങ്ങുകയും ചെയ്യുന്നതിനുള്ള പരിശീലനം, ബഹിരാകാശ നിലയത്തിലെ ഉപകരണങ്ങൾ കൈകാര്യം ചെയ്യുന്നതിനുള്ള പരിശീലനം എന്നിവ ഇരുവരും നടത്തുന്നുണ്ട്. ഇവരിൽ ഒരാളെയാണ് പിന്നീട് ചൈനയുടെ ടിയാൻഗോങ് നിലയത്തിലേക്ക് അയക്കുക.
ചൈനയും പാകിസ്ഥാനും തമ്മിലുള്ള ബഹിരാകാശ സഹകരണത്തിന്റെ ഭാഗമായാണ് ഈ ദൗത്യം ഒരുങ്ങുന്നത്. ചൈനയുടെ മനുഷ്യ ബഹിരാകാശ പദ്ധതിയിൽ ആദ്യമായി ഒരു വിദേശ ബഹിരാകാശയാത്രികനെ ഉൾപ്പെടുത്താനുള്ള നീക്കമായതിനാൽ ദൗത്യത്തിന് ശാസ്ത്രലോകത്തും ബഹിരാകാശ ഗവേഷണ മേഖലയിലും ശ്രദ്ധ ലഭിക്കുന്നുണ്ട്.
ബഹിരാകാശ നിലയത്തിലെത്തുന്ന യാത്രികന് ശാസ്ത്രീയ പരീക്ഷണങ്ങളിലും നിലയത്തിന്റെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട ജോലികളിലും പങ്കെടുക്കേണ്ടിവരും. അന്തിമമായി ആരെയാണ് ദൗത്യത്തിനായി തിരഞ്ഞെടുക്കുകയെന്ന് തീരുമാനിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.