ഗാസയിലെ കുട്ടികൾക്ക് യുഎഇയുടെ സഹായം; 60 ടൺ സ്കൂൾ സാമഗ്രികൾ അയച്ചു
അബുദാബി: ഗാസയിലെ കുട്ടികളുടെ വിദ്യാഭ്യാസത്തിന് പിന്തുണ നൽകുന്നതിനായി യുഎഇ 60 ടണ്ണിലധികം സ്കൂൾ സാമഗ്രികൾ അയച്ചു. 25,000ത്തിലധികം കുട്ടികൾക്ക് പ്രയോജനപ്പെടുന്ന തരത്തിലാണ് സഹായം എത്തിക്കുന്നത്.
സ്കൂൾ ബാഗുകൾ, പേനകൾ, നോട്ട്ബുക്കുകൾ, ഇറേസറുകൾ, ഷാർപ്പനറുകൾ തുടങ്ങിയ പഠനോപകരണങ്ങളാണ് സഹായത്തിൽ ഉൾപ്പെടുന്നത്. ഷാർജയിൽ നിന്ന് പുറപ്പെട്ട ചരക്ക് വിമാനം ഈജിപ്തിലെ അൽ അരിഷിലുള്ള യുഎഇയുടെ മാനവിക സഹായ കേന്ദ്രത്തിലേക്കാണ് എത്തുന്നത്. അവിടെനിന്ന് സാമഗ്രികൾ ഗാസയിലേക്ക് കൈമാറും.
‘Through Education We Rise’ എന്ന പേരിലുള്ള പദ്ധതിയുടെ ഭാഗമായാണ് സഹായം. യുദ്ധത്തെ തുടർന്ന് ഗുരുതരമായ പ്രതിസന്ധി നേരിടുന്ന ഗാസയിലെ കുട്ടികൾക്ക് പഠനം തുടരാൻ അവസരമൊരുക്കുകയാണ് ലക്ഷ്യമെന്ന് യുഎഇ അധികൃതർ വ്യക്തമാക്കി.
2023 നവംബറിൽ ആരംഭിച്ച ‘Operation Gallant Knight 3’ന്റെ ഭാഗമായി ഗാസയിലേക്ക് യുഎഇ തുടർച്ചയായി മാനവിക സഹായം എത്തിച്ചുവരികയാണ്. മെഡിക്കൽ സഹായവും മറ്റ് അവശ്യസാധനങ്ങളും ഇതിന്റെ ഭാഗമായി നൽകിയിട്ടുണ്ട്.