യുഎഇ ട്രാഫിക് നിയമം കർശനമാക്കുന്നു: മൊബൈൽ ഉപയോഗം, സീറ്റ് ബെൽറ്റ് ലംഘനം എന്നിവ പിടിക്കാൻ നൂതന ക്യാമറകൾ

 
uae

ദുബായ്: റോഡിലെ നിയമലംഘനങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ ഗതാഗത നിയമം കർശനമാക്കാനൊരുങ്ങി യുഎഇ. വാഹനമോടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കുന്നവരെ പിടികൂടാൻ അത്യാധുനിക സംവിധാനങ്ങളോടുകൂടിയ ക്യാമറകൾ വിവിധ സ്ഥലങ്ങളിൽ സ്ഥാപിച്ചിട്ടുണ്ട്.

കാറിൻ്റെ ഗ്ലാസിൽ ഘടിപ്പിച്ചിരിക്കുന്ന കൂളിംഗ് ഗ്ലാസുകൾ മറികടന്ന് നിയമലംഘനം പിടികൂടാൻ കഴിയുമെന്നതാണ് ഈ ക്യാമറകളുടെ പ്രത്യേകത. സീറ്റ് ബെൽറ്റ് ധരിക്കാതിരിക്കൽ, മൊബൈൽ ഫോൺ ഉപയോഗം തുടങ്ങി വിവിധ റോഡ് സുരക്ഷാ ലംഘനങ്ങൾ കണ്ടെത്താൻ ക്യാമറകൾ സഹായിക്കും.

വിപുലമായ സ്മാർട്ട് ട്രാഫിക് ക്യാമറകൾ നിരവധി നിയമലംഘനങ്ങൾ കണ്ടെത്തിയതായി ദുബായ് പോലീസിലെ ജനറൽ ഡിപ്പാർട്ട്‌മെൻ്റ് ഓഫ് ട്രാഫിക് ഡയറക്ടർ മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്‌റൂയി പറഞ്ഞു. വാഹനമോടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കുക, പത്രം വായിക്കുക തുടങ്ങിയ നിയമലംഘനങ്ങൾ കണ്ടെത്തിയതായി അദ്ദേഹം വ്യക്തമാക്കി.

വാഹനമോടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതും മുന്നറിയിപ്പില്ലാതെ തിരിയുന്നതും മറ്റ് നിയമലംഘനങ്ങളും പിടികൂടിയാൽ അവരുടെ വാഹനങ്ങൾ 30 ദിവസം വരെ കണ്ടുകെട്ടുമെന്ന് അൽ മസ്‌റൂയി വാഹന ഉടമകളെ ഓർമ്മിപ്പിച്ചു. വാഹനം 30 ദിവസത്തേക്ക് കണ്ടുകെട്ടുമെന്നും 400 ദിർഹം (9189 രൂപ) മുതൽ 1000 ദിർഹം (22973 രൂപ) വരെ പിഴയും നാല് ബ്ലാക്ക് പോയിൻ്റുകളും ഈടാക്കുമെന്നും പോലീസ് അറിയിച്ചു.

യുഎഇയിലെ ഓരോ എമിറേറ്റുകളിലും വാഹനാപകടങ്ങൾ വർധിക്കുന്ന പശ്ചാത്തലത്തിലാണ് നിയമം കർശനമാക്കിയത്. വാഹനവുമായി നിരത്തിലിറങ്ങുന്ന പ്രവാസികൾ ഉൾപ്പെടെയുള്ളവർ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കണം.