യുക്രൈൻ ആക്രമണം ശക്തമാക്കി; റഷ്യൻ അധീനതയിലുള്ള ക്രിമിയയിൽ പൊതുജനങ്ങൾക്ക് പെട്രോൾ വിൽപ്പന നിർത്തിവെച്ചു

 
World

യുക്രൈന്റെ തുടർച്ചയായ ഡ്രോൺ ആക്രമണങ്ങൾക്കിടെ റഷ്യയുടെ അധീനതയിലുള്ള ക്രിമിയയിൽ പൊതുജനങ്ങൾക്കുള്ള പെട്രോൾ വിൽപ്പന താൽക്കാലികമായി നിർത്തിവെച്ചു. സർക്കാർ വകുപ്പുകൾക്കും അത്യാവശ്യ സേവനങ്ങൾക്കും മാത്രമാണ് ഇനി ഇന്ധനം വിതരണം ചെയ്യുകയെന്ന് റഷ്യ നിയമിച്ച ക്രിമിയൻ ഭരണകൂടം അറിയിച്ചു. 

യുക്രൈൻ കഴിഞ്ഞ ദിവസങ്ങളിലായി ക്രിമിയയിലെയും റഷ്യയുടെ തെക്കൻ ക്രാസ്നോദാർ മേഖലയിലെയും എണ്ണ സംഭരണ കേന്ദ്രങ്ങളും ഇന്ധന വിതരണ സംവിധാനങ്ങളും ലക്ഷ്യമിട്ട് വ്യാപകമായ ആക്രമണങ്ങൾ നടത്തിയിരുന്നു. ഈ ആക്രമണങ്ങൾ മൂലം പ്രദേശത്തെ ഇന്ധനവിതരണം ഗുരുതരമായി തടസ്സപ്പെട്ടതായാണ് റിപ്പോർട്ടുകൾ. 

ക്രിമിയയുടെ റഷ്യൻ നിയമിത ഗവർണർ സെർഗെയ് അക്സ്യോനോവിന്റെ നേതൃത്വത്തിലുള്ള ഭരണകൂടം ജനങ്ങളോട് പരിഭ്രാന്തരാകേണ്ടതില്ലെന്നും ഔദ്യോഗിക അറിയിപ്പുകൾ മാത്രം വിശ്വസിക്കണമെന്നും അഭ്യർഥിച്ചു. ഇന്ധന ലഭ്യത സാധാരണ നിലയിലാകുന്നതുവരെ നിയന്ത്രണങ്ങൾ തുടരുമെന്നും അധികൃതർ വ്യക്തമാക്കി. 

റഷ്യയുടെ ഊർജ അടിസ്ഥാനസൗകര്യങ്ങളെ ലക്ഷ്യമിട്ട് യുക്രൈൻ അടുത്തിടെ ആക്രമണങ്ങൾ ശക്തമാക്കിയിരിക്കുകയാണ്. യുദ്ധത്തിന്റെ ഭാഗമായി ഇന്ധന ശൃംഖല തകർക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നീക്കങ്ങളെന്ന് യുക്രൈൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി വ്യക്തമാക്കിയതായി റിപ്പോർട്ടുകൾ പറയുന്നു.