യുക്രൈനിലെ ഏറ്റവും വലിയ സ്റ്റീൽ പ്ലാന്റ് പ്രവർത്തനം നിർത്തുന്നു
റഷ്യൻ വ്യോമാക്രമണങ്ങൾ ശക്തമായതോടെ യുക്രൈനിലെ ഏറ്റവും വലിയ സ്റ്റീൽ പ്ലാന്റായ ക്രിവി റിഹിലെ ആർസലർ മിത്തൽ പ്ലാന്റ് സുരക്ഷിതമായി പ്രവർത്തിപ്പിക്കാൻ കഴിയാത്ത സാഹചര്യത്തിൽ ഉൽപ്പാദനം നിർത്തുന്നതായി കമ്പനി അറിയിച്ചു. കഴിഞ്ഞ അഞ്ച് ആഴ്ചയ്ക്കിടെ പ്ലാന്റിന് നേരെ നാല് ആക്രമണങ്ങൾ ഉണ്ടായതായി കമ്പനി വ്യക്തമാക്കി.
ആക്രമണങ്ങളിൽ പ്ലാന്റിന് വ്യാപകമായ നാശനഷ്ടമുണ്ടായതായും അഞ്ച് തൊഴിലാളികൾ കൊല്ലപ്പെട്ടതായും കമ്പനി അറിയിച്ചു. യുക്രൈന്റെ വ്യവസായ മേഖലയിലെ പ്രധാന സ്ഥാപനങ്ങളിലൊന്നായ പ്ലാന്റിന്റെ പ്രവർത്തനം നിർത്തുന്നത് രാജ്യത്തിന്റെ സ്റ്റീൽ വ്യവസായത്തിനും സമ്പദ്‌വ്യവസ്ഥയ്ക്കും പുതിയ സമ്മർദമുണ്ടാക്കുകയാണ്.
ഇതിനിടെ തലസ്ഥാനമായ കീവിലുണ്ടായ റഷ്യൻ ആക്രമണത്തിൽ ഏഴ് പേർ കൊല്ലപ്പെടുകയും 58 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി റിപ്പോർട്ടുണ്ട്. വ്യവസായ സ്ഥാപനങ്ങൾ, ഗതാഗത സംവിധാനങ്ങൾ, തുറമുഖങ്ങൾ, സിവിലിയൻ അടിസ്ഥാനസൗകര്യങ്ങൾ എന്നിവ ലക്ഷ്യമിട്ട് റഷ്യ ആക്രമണം ശക്തമാക്കിയതായി റിപ്പോർട്ടുകൾ പറയുന്നു.
യുദ്ധം തുടരുന്നതിനിടെ വ്യവസായ ഉൽപ്പാദനത്തിലുണ്ടാകുന്ന തടസ്സങ്ങളും അടിസ്ഥാനസൗകര്യങ്ങൾക്ക് നേരെയുള്ള ആക്രമണങ്ങളും യുക്രൈന്റെ സാമ്പത്തിക സമ്മർദം വർധിപ്പിക്കുന്ന സാഹചര്യത്തിലാണ് പുതിയ സംഭവവികാസം.