റഷ്യയിൽ യുക്രൈന്റെ വൻ വ്യോമാക്രമണം; ആറ് പേർ കൊല്ലപ്പെട്ടു
മോസ്‌കോ: റഷ്യയുടെ വിവിധ ഭാഗങ്ങളെ ലക്ഷ്യമിട്ട് യുക്രൈൻ നടത്തിയ വൻതോതിലുള്ള ഡ്രോൺ ആക്രമണത്തിൽ കുറഞ്ഞത് ആറ് പേർ കൊല്ലപ്പെട്ടു. യുദ്ധം ആരംഭിച്ചതിന് ശേഷമുള്ള യുക്രൈന്റെ ഏറ്റവും വലിയ വ്യോമാക്രമണങ്ങളിലൊന്നാണിതെന്നാണ് റിപ്പോർട്ട്.
റഷ്യൻ പ്രതിരോധ മന്ത്രാലയത്തിന്റെ കണക്കുപ്രകാരം 822 യുക്രൈൻ ഡ്രോണുകളാണ് ആക്രമണത്തിൽ ഉപയോഗിച്ചത്. ഇതിൽ ഏകദേശം 600 ഡ്രോണുകൾ മോസ്‌കോ ലക്ഷ്യമിട്ടെത്തിയതായാണ് അധികൃതർ പറയുന്നത്. റഷ്യൻ വ്യോമപ്രതിരോധ സംവിധാനം നിരവധി ഡ്രോണുകൾ തകർത്തതായി റഷ്യ അവകാശപ്പെട്ടു.
മോസ്‌കോ മേഖലയിലെ സ്വകാര്യവീട്ടിൽ ഡ്രോൺ പതിച്ചതിനെ തുടർന്ന് 83 വയസ്സുള്ള ഒരാൾ മരിച്ചു. പോഡോൽസ്കിലെ ഓൺലൈൻ വ്യാപാര സ്ഥാപനമായ വൈൽഡ്‌ബെറീസിന്റെ വലിയ ഗോഡൗണിലും തീപിടിത്തമുണ്ടായി.
റോസ്തോവ് മേഖലയിലും കനത്ത ഡ്രോൺ ആക്രമണമുണ്ടായി. ഇവിടെ അഞ്ച് പേർ കൊല്ലപ്പെട്ടതായാണ് പ്രാദേശിക അധികൃതർ അറിയിച്ചത്. വീടുകൾക്കും റെയിൽവേ സ്റ്റേഷനും ഉൾപ്പെടെ വിവിധ മേഖലകളിൽ നാശനഷ്ടമുണ്ടായി.
അതേസമയം, യുക്രൈനിലും റഷ്യൻ വ്യോമാക്രമണങ്ങളിൽ ആളപായമുണ്ടായി. ക്രിവി റിഹിലെ ആക്രമണത്തിൽ രണ്ട് പേർ കൊല്ലപ്പെടുകയും 14 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി യുക്രൈൻ അധികൃതർ അറിയിച്ചു.