ഗാസയിലെ ഭക്ഷ്യസഹായം മൂന്നിലൊന്നായി കുറച്ച് ഐക്യരാഷ്ട്രസഭ; അഞ്ച് ലക്ഷത്തോളം പേർക്ക് പ്രതിസന്ധി
ഗാസ: സാമ്പത്തിക സഹായത്തിക കുറവും ഫണ്ടിന്റെ അപര്യാപ്തതയും മൂലം ഗാസയിലെ ഭക്ഷ്യസഹായം മൂന്നിലൊന്നായി കുറയ്ക്കാൻ ഐക്യരാഷ്ട്രസഭയുടെ ലോക ഭക്ഷ്യപദ്ധതി (ഡബ്ല്യു.എഫ്.പി.) തീരുമാനിച്ചു. ഇതോടെ അതീവ ദാരിദ്ര്യവും ഭക്ഷ്യക്ഷാമവും നേരിടുന്ന അഞ്ച് ലക്ഷത്തോളം പേർക്ക് നിർണായകമായ ഭക്ഷ്യസഹായം ലഭിക്കാതാകുമെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ശൈത്യകാലം അടുത്തെത്തുന്നതിനിടെ സഹായം വെട്ടിക്കുറച്ചത് ഗാസയിലെ ജനങ്ങളുടെ ദുരിതം വർധിപ്പിക്കുമെന്നാണ് വിലയിരുത്തൽ.
നിലവിൽ ഗാസയിൽ 16 ലക്ഷത്തോളം പേർക്ക് ഭക്ഷ്യസഹായം നൽകിയിരുന്ന സ്ഥാനത്ത് ഇനി 11 ലക്ഷം പേർക്ക് മാത്രമായിരിക്കും സഹായം ലഭിക്കുക. കുടുംബങ്ങൾക്ക് നൽകിയിരുന്ന ഭക്ഷ്യപ്പൊതികളുടെ എണ്ണം രണ്ടിൽനിന്ന് ഒന്നായി കുറയ്ക്കും. ഗോതമ്പുപൊടിയുടെ അളവും വെട്ടിക്കുറയ്ക്കും. ഭക്ഷ്യവിതരണത്തിലെ നിയന്ത്രണങ്ങൾ ജനങ്ങളുടെ പോഷകാഹാര ലഭ്യതയെ ബാധിക്കുമെന്ന ആശങ്കയും ഉയരുന്നുണ്ട്.
ദിവസേന വിതരണം ചെയ്തിരുന്ന പാകംചെയ്ത ഭക്ഷണത്തിന്റെ എണ്ണവും 2.5 ലക്ഷത്തിൽനിന്ന് 1.5 ലക്ഷമായി കുറയ്ക്കും. ഇസ്രയേൽ സൈന്യത്തിന്റെ നിയന്ത്രണത്തിലുള്ള മേഖലകൾക്ക് സമീപം ഉൾപ്പെടെ എത്തിച്ചേരാൻ പ്രയാസമുള്ള പ്രദേശങ്ങളിൽ കഴിയുന്നവർക്ക് ഒന്നിടവിട്ട ദിവസങ്ങളിൽ മാത്രമേ ഭക്ഷണം ലഭിക്കുകയുള്ളൂ.
ഗാസയിലെ ജനങ്ങൾക്ക് ആവശ്യമായ ഭക്ഷണവും മറ്റ് അവശ്യസാധനങ്ങളും എത്തിക്കുന്നതിന് കൂടുതൽ സാമ്പത്തിക സഹായം വേണമെന്ന് ലോക ഭക്ഷ്യപദ്ധതി ആവശ്യപ്പെട്ടു. സംഘർഷവും വിതരണതടസ്സങ്ങളും സാമ്പത്തിക പ്രതിസന്ധിയും തുടരുന്നതിനിടെ ഭക്ഷ്യസഹായം വെട്ടിക്കുറച്ചത് മേഖലയിലെ മാനുഷിക പ്രതിസന്ധി കൂടുതൽ രൂക്ഷമാക്കുമെന്നാണ് വിലയിരുത്തൽ.