വിവാഹച്ചടങ്ങിനിടെ അപ്രതീക്ഷിത സ്ഫോടനം; ഇറാനിലെ യുഎസ് ആക്രമണത്തിൽ അഞ്ച് പേർ കൊല്ലപ്പെട്ടു
ടെഹ്റാൻ: ഇറാനിലെ തെക്കൻ ഹോർമോസ്ഗാൻ പ്രവിശ്യയിലെ കുഹെസ്തക്കിൽ വിവാഹച്ചടങ്ങിനിടെ നടന്ന യുഎസ് ആക്രമണത്തിൽ അഞ്ച് പേർ കൊല്ലപ്പെടുകയും 60ലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി റിപ്പോർട്ട്. സെപ്റ്റംബർ ഒന്നിന് രാത്രിയിലായിരുന്നു സംഭവം.
വിവാഹത്തിനായി സ്ത്രീകളും കുട്ടികളും ഉൾപ്പെടെ കുടുംബാംഗങ്ങൾ ഒത്തുകൂടിയിരിക്കെയാണ് ശക്തമായ സ്ഫോടനമുണ്ടായത്. വിവാഹവേദിയിലെത്തിയിരുന്ന അതിഥികൾ ആഘോഷത്തിനിടെ സ്ത്രീകൾ പരമ്പരാഗതമായി ആഹ്ലാദശബ്ദം മുഴക്കുകയായിരുന്നുവെന്നും പിന്നാലെ വലിയൊരു സ്ഫോടനശബ്ദം കേട്ടതായും വിവരിച്ചു.
ആക്രമണത്തിൽ ഒരു കുട്ടിയും രണ്ട് സ്ത്രീകളും ഉൾപ്പെടെയുള്ളവർ മരിച്ചതായാണ് ആദ്യം റിപ്പോർട്ട് ചെയ്തത്. പരിക്കേറ്റവരിൽ ഒരാൾ പിന്നീട് ആശുപത്രിയിൽ മരിച്ചു. സമീപത്തെ കെട്ടിടങ്ങൾക്കും വലിയ നാശനഷ്ടമുണ്ടായി.
സംഭവസ്ഥലത്തെ ദൃശ്യങ്ങളും ആയുധാവശിഷ്ടങ്ങളും പരിശോധിച്ച ആയുധവിദഗ്ധർ ആക്രമണത്തിൽ യുഎസ് നിർമ്മിത ആയുധം ഉപയോഗിച്ചതാകാമെന്ന് വിലയിരുത്തിയതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. സമീപത്തെ ആശയവിനിമയ സംവിധാനവുമായി ബന്ധപ്പെട്ട കേന്ദ്രവും ആക്രമണത്തിൽ തകർന്നിരുന്നു.
അതേസമയം, സാധാരണക്കാരെ ലക്ഷ്യമിട്ടല്ല ആക്രമണം നടത്തിയതെന്ന് യുഎസ് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. സംഭവത്തിൽ യുഎസ് സെൻട്രൽ കമാൻഡ് ആഭ്യന്തര പരിശോധന നടത്തിവരികയാണ്. വിവാഹച്ചടങ്ങിനിടെയുണ്ടായ സംഭവം ഇറാൻ-യുഎസ് സംഘർഷത്തിൽ സാധാരണക്കാർ നേരിടുന്ന അപകടസാധ്യത വീണ്ടും ചർച്ചയാക്കിയിരിക്കുകയാണ്.