വെസ്റ്റ് ബാങ്ക് സന്ദർശനത്തിനിടെ ആയുധധാരികളായ ഇസ്രയേൽ കുടിയേറ്റക്കാർ തടഞ്ഞുവെച്ചതായി യുഎസ് കോൺഗ്രസ് അംഗം റോ ഖന്ന

 
World

അമേരിക്കൻ ഡെമോക്രാറ്റിക് പാർട്ടി കോൺഗ്രസ് അംഗമായ റോ ഖന്ന വെസ്റ്റ് ബാങ്ക് സന്ദർശനത്തിനിടെ ആയുധധാരികളായ ഇസ്രയേൽ കുടിയേറ്റക്കാർ തനെയും സംഘത്തെയും തടഞ്ഞുവെച്ചതായി ആരോപിച്ചു. തെക്കൻ വെസ്റ്റ് ബാങ്കിലെ ഒരു ഫലസ്തീൻ ഗ്രാമം സന്ദർശിക്കുന്നതിനിടെയാണ് വാഹനത്തിന് മുന്നിൽ വഴി തടഞ്ഞ് ഒരു മണിക്കൂറിലേറെ നേരം തടഞ്ഞുവെച്ചതെന്ന് അദ്ദേഹം പറഞ്ഞു. 

കുടിയേറ്റക്കാർ അമേരിക്കയിൽ നിർമിച്ച എം4 റൈഫിളുകളുമായാണ് എത്തിയതെന്നും തുടർന്ന് ഇസ്രയേൽ സൈന്യത്തെ വിളിച്ചുവരുത്തിയെന്നും ഖന്ന ആരോപിച്ചു. പിന്നീട് പൊലീസ് എത്തിയാണ് സംഘത്തെ മോചിപ്പിച്ചതെന്ന് അദ്ദേഹത്തിന്റെ സംഘവും വ്യക്തമാക്കി. 

സംഭവം വെസ്റ്റ് ബാങ്കിലെ സുരക്ഷാ സാഹചര്യത്തെക്കുറിച്ചും ഇസ്രയേൽ കുടിയേറ്റക്കാരുടെ ആക്രമണങ്ങളെക്കുറിച്ചുമുള്ള ആശങ്ക വീണ്ടും ഉയർത്തിയിട്ടുണ്ട്. വിഷയത്തിൽ ഇസ്രയേൽ അധികൃതരുടെ പ്രതികരണം ഇതുവരെ പുറത്തുവന്നിട്ടില്ല.