ലഹരിക്കടത്ത് സംഘവുമായി ബന്ധമുള്ള കപ്പൽ യുഎസ് സേന മുക്കി
വാഷിങ്ടൺ: ഇക്വഡോറിലെ ശക്തമായ ക്രിമിനൽ സംഘമായ ലോസ് ചോനറോസുമായി ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്ന കപ്പൽ യുഎസ് സേന കിഴക്കൻ പസഫിക് സമുദ്രത്തിൽ തടഞ്ഞുനിർത്തി മുക്കി. സെപ്റ്റംബർ 7ന് യു.എസ്. സതേൺ കമാൻഡിന്റെ നേതൃത്വത്തിലായിരുന്നു നടപടി.
കടലിൽ ലഹരിക്കടത്ത് നടത്തുന്ന ബോട്ടുകൾക്ക് ഇന്ധനം നൽകുന്ന ‘ഫ്ലോട്ടിങ് റീഫ്യൂവലിങ് സ്റ്റേഷൻ’ ആയി കപ്പൽ ഉപയോഗിച്ചിരുന്നുവെന്നാണ് യുഎസ് അധികൃതരുടെ വിശദീകരണം. ലോസ് ചോനറോസിന്റെ ലഹരിക്കടത്ത് ശൃംഖലയുമായി കപ്പലിന് ബന്ധമുണ്ടെന്ന് രഹസ്യാന്വേഷണ വിവരങ്ങളുടെ അടിസ്ഥാനത്തിൽ സ്ഥിരീകരിച്ചതായും സതേൺ കമാൻഡ് അറിയിച്ചു.
യുഎസ് സേന കപ്പലിൽ പരിശോധന നടത്തി ജീവനക്കാരെ ഒഴിപ്പിച്ച ശേഷമാണ് കപ്പൽ മുക്കിയത്. കപ്പലിൽ നിന്ന് മാറ്റിയ ആളുകളെ ഇക്വഡോർ അധികൃതർക്ക് കൈമാറുമെന്നും യുഎസ് സതേൺ കമാൻഡ് വ്യക്തമാക്കി.
ലോസ് ചോനറോസിന്റെ ലഹരിക്കടത്ത് ശൃംഖലയുടെ കടൽമാർഗത്തിലുള്ള ലോജിസ്റ്റിക് സംവിധാനങ്ങൾ തകർക്കുന്നതിന്റെ ഭാഗമായാണ് നടപടി എന്നാണ് യുഎസ് വിശദീകരണം. സമാനമായ നടപടികൾ അടുത്തിടെയും കിഴക്കൻ പസഫിക് മേഖലയിൽ യുഎസ് സേന നടത്തിയിരുന്നു.