ഇറാനുമായുള്ള ചർച്ചകൾക്കിടെ പാകിസ്ഥാനെതിരെ യുഎസ് സെനറ്റർമാർ

'ബിൻ ലാദനെ ഒളിപ്പിച്ചു' എന്ന ആരോപണം വീണ്ടും ഉയർത്തി
 
World

ഇറാനുമായുള്ള നയതന്ത്ര ചർച്ചകളിൽ പാകിസ്ഥാൻ ഇടനിലക്കാരനാകുന്ന സാഹചര്യത്തിൽ, രണ്ട് അമേരിക്കൻ റിപ്പബ്ലിക്കൻ സെനറ്റർമാർ പാകിസ്ഥാനെതിരെ കടുത്ത വിമർശനവുമായി രംഗത്തെത്തി. തീവ്രവാദ സംഘടനകൾക്ക് അഭയം നൽകിയ ചരിത്രമാണ് പാകിസ്ഥാനുള്ളതെന്നും, അൽ-ഖ്വയ്ദ നേതാവ് ഒസാമ ബിൻ ലാദനെ വർഷങ്ങളോളം ഒളിപ്പിച്ചുവെച്ച രാജ്യമാണിതെന്നും അവർ ആരോപിച്ചു. 

സെനറ്റർ റിക്ക് സ്കോട്ട് സമൂഹമാധ്യമമായ എക്‌സിൽ, ഖത്തറും പാകിസ്ഥാനും തീവ്രവാദികളെ സംരക്ഷിച്ച ചരിത്രമുള്ള രാജ്യങ്ങളാണെന്നും, സമാധാനം ഉറപ്പാക്കുന്നതിലുപരി ഇറാന്റെ താൽപര്യങ്ങൾ സംരക്ഷിക്കാനാണ് ഇവർ ശ്രമിക്കുന്നതെന്നും ആരോപിച്ചു. ഇറാന് ആണവായുധം വികസിപ്പിക്കാൻ ഒരിക്കലും അവസരം ലഭിക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

മറ്റൊരു റിപ്പബ്ലിക്കൻ സെനറ്ററായ ടിം ഷീഹി, പാകിസ്ഥാൻ ചർച്ചകളിൽ ഇടനിലക്കാരാകുന്നതിനെ ചോദ്യം ചെയ്തു. "പാകിസ്ഥാന്റെ ഐഎസ്ഐ അമേരിക്കയ്ക്കെതിരായ കലാപങ്ങൾക്ക് പിന്തുണ നൽകി. ഒസാമ ബിൻ ലാദനെ വർഷങ്ങളോളം ഒളിപ്പിച്ചുവെച്ചു," എന്നാണ് അദ്ദേഹം ഫോക്സ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞത്. 

അതേസമയം, അമേരിക്ക-ഇറാൻ ധാരണയ്ക്ക് പിന്നാലെ മേഖലയിൽ സംഘർഷം കുറയ്ക്കുന്നതിനുള്ള നയതന്ത്ര ശ്രമങ്ങളിൽ ഖത്തറും പാകിസ്ഥാനും പ്രധാന ഇടനിലക്കാരായി പ്രവർത്തിച്ചുവരികയാണ്. സെനറ്റർമാരുടെ പരാമർശങ്ങൾക്കോട് ഇതുവരെ പാകിസ്ഥാനും ഖത്തറും ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.