കാനഡ, ജപ്പാൻ ഉൾപ്പെടെ അഞ്ച് നയതന്ത്ര ദൗത്യങ്ങൾ അടയ്ക്കാൻ അമേരിക്ക; കാരണം എന്ത്?
അമേരിക്ക ആഗോള നയതന്ത്ര ശൃംഖല ചുരുക്കുന്നതിന്റെ ഭാഗമായി കാനഡ, ജപ്പാൻ, ഇൻഡോനേഷ്യ, കാമറൂൺ, ഗ്രനേഡ എന്നിവിടങ്ങളിലെ അഞ്ച് നയതന്ത്ര ദൗത്യങ്ങൾ അടയ്ക്കാൻ പദ്ധതിയിടുന്നതായി റിപ്പോർട്ടുകൾ. ഇതിനായി യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് കോൺഗ്രസിനെ ഔദ്യോഗികമായി അറിയിച്ചിട്ടുണ്ടെന്നാണ് വിവരം.
റിപ്പോർട്ടുകൾ പ്രകാരം, കാനഡയിലെ വിന്നിപെഗ്, ജപ്പാനിലെ നാഗോയ, ഇൻഡോനേഷ്യയിലെ മെഡാൻ, കാമറൂണിലെ ഡുവാല, ഗ്രനേഡയിലെ സെന്റ് ജോർജ്സ് എന്നിവിടങ്ങളിലെ ദൗത്യങ്ങളാണ് അടയ്ക്കാൻ തീരുമാനിച്ചിരിക്കുന്നത്. പ്രത്യേകമായ ഭൗമരാഷ്ട്രീയ പ്രതിസന്ധിയില്ലാതെ ഒരേസമയം ഒന്നിലധികം വിദേശ ദൗത്യങ്ങൾ അടയ്ക്കുന്ന അപൂർവ നടപടിയായാണ് ഇത് വിലയിരുത്തപ്പെടുന്നത്.
സർക്കാർ ചെലവ് കുറയ്ക്കുകയും വിദേശ നയതന്ത്ര സംവിധാനത്തെ കൂടുതൽ കാര്യക്ഷമമാക്കുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെയാണ് നടപടി സ്വീകരിക്കുന്നതെന്നാണ് ട്രംപ് ഭരണകൂടത്തിന്റെ നിലപാട്. 'അമേരിക്ക ഫസ്റ്റ്' നയത്തിന്റെ ഭാഗമായാണ് വിദേശ ദൗത്യങ്ങളുടെ പുനഃസംഘടന നടക്കുന്നതെന്നും റിപ്പോർട്ടുകൾ പറയുന്നു.
അതേസമയം, ഇത്തരത്തിൽ അമേരിക്കയുടെ നയതന്ത്ര സാന്നിധ്യം കുറയുന്നത് ചൈനയും റഷ്യയും പോലുള്ള രാജ്യങ്ങൾക്ക് കൂടുതൽ സ്വാധീനം നേടാൻ അവസരമൊരുക്കുമെന്നും അമേരിക്കയുടെ ആഗോള നേതൃത്വത്തെ ദുർബലപ്പെടുത്തുമെന്നും മുൻ നയതന്ത്ര ഉദ്യോഗസ്ഥരും വിമർശകരും മുന്നറിയിപ്പ് നൽകുന്നു.