പ്രമുഖ ഓസ്‌ട്രേലിയൻ കമ്പനിയായ ലിയോണാർഡോയെ ഏറ്റെടുത്ത് യു എസ് ടി

മുൻ നിര പ്രോസസ്സ് ട്രാൻസ്ഫർമേഷൻ കമ്പനിയെ സ്വന്തമാക്കിയതോടെ ഓസ്‌ട്രേലിയ ന്യൂ സീലാൻഡ് മേഖലയിലെ സാന്നിധ്യം ശക്തമാക്കിയിരിക്കുകയാണ് യു എസ് ടി 

 
UST

തിരുവനന്തപുരം: ഓസ്‌ട്രേലിയ - ന്യൂ സീലാൻഡ് മേഖലയിൽ പ്രവർത്തിക്കുന്ന ലിയോണാർഡോ എന്ന മുൻ നിര കമ്പനിയെ പ്രമുഖ ഡിജിറ്റൽ ട്രാൻസ്ഫർമേഷൻ സൊല്യൂഷൻസ് സ്ഥാപനമായ  യു എസ് ടി ഏറ്റെടുത്തു.  ബിസിനസ് പ്രോസസ്സ് ഇമ്പ്രൂവ്മെന്റ്, ഓട്ടോമേഷൻ, ഇന്റഗ്രേഷൻ സേവനദാതാവാണ് ലിയോണാർഡോ. യു എസ് ടിയുടെ നേതൃപാടവം, ആഗോള മികവ്, ഡിജിറ്റൽ  ട്രാൻസ്ഫർമേഷൻ വിരുത് എന്നിവയും  ലിയോണാർഡോയുടെ പ്രവർത്തന വൈദഗ്ധ്യവും ഒരുമിപ്പിച്ചു മുന്നേറാൻ ഈ ഏറ്റെടുക്കൽ സഹായിക്കും.  ലിയോണാർഡോയുടെ വിപണി വ്യാപ്തി വർധിപ്പിക്കാനും, ഒപ്പം യു എസ് ടി യുടെ ഓസ്‌ട്രേലിയൻ സാന്നിധ്യം ശക്തിപ്പെടുത്താനും  ഇതിലൂടെ സാധ്യമാകും.   

ഉപഭോക്താക്കളുടെ ആവശ്യാനുസരണം ഡിജിറ്റൽ ട്രാൻസ്ഫർമേഷൻ സേവനങ്ങൾ പ്രദാനം ചെയ്യാനും, സാങ്കേതികത്തികവോടെ മോഡൽ ഡിസൈൻ, പ്രോഡക്റ്റ് എഞ്ചിനീയറിങ്, പ്രവർത്തന മികവ്, എന്നിവയ്‌ക്കൊപ്പം ജെൻ എഐ, ഡാറ്റാ സേവനങ്ങൾ, സാസ്, ക്‌ളൗഡ്‌, ഇന്റലിജെന്റ് ഓട്ടോമേഷൻ, സൈബർ സെക്യൂരിറ്റി തുടങ്ങിയ സാങ്കേതിക സേവനങ്ങൾ ഉറപ്പാക്കിക്കൊണ്ട് കഴിഞ്ഞ എട്ടു വർഷക്കാലമായി ഓസ്ട്രേലിയൻ മേഖലയിൽ യു എസ് ടി പ്രവർത്തിച്ചു വരുന്നുണ്ട്.  ലിയോണാർഡോ എന്ന കമ്പനിയെ സ്വന്തമാക്കിയതോടെ യു എസ് ടി തങ്ങളുടെ സംഘടനാപരമായ മികവിലൂടെ വിദഗ്ധ സേവനങ്ങൾ, കൂടുതൽ ഉപഭോക്താക്കൾ, പ്രാദേശിക സഖ്യങ്ങൾ എന്നിവ മെച്ചപ്പെടുത്തും.

എഴുപതിലേറെ ജീവനക്കാരുമായി മെൽബൺ ആസ്ഥാനമായി പ്രവർത്തിക്കുന്ന ലിയോണാർഡോ ഓസ്‌ട്രേലിയയിലെ എല്ലാ നഗരങ്ങളിലും സാന്നിധ്യം ഉറപ്പിച്ചിട്ടുള്ള കമ്പനിയാണ്. യു എസ് ടി യുമായി ചേരുന്നതോടെ കമ്പനിയ്ക്ക് തങ്ങളുടെ ഡിജിറ്റൽ സാങ്കേതിക സേവനങ്ങൾ ഓസ്‌ട്രേലിയ- ന്യു സീലാൻഡ് മേഖലയിൽ ഒന്നാകെ വ്യാപിപ്പിക്കാൻ കഴിയും. യു എസ് ടി യുമായുള്ള സഖ്യത്തിലൂടെ തങ്ങളുടെ ബിസിനസ് പ്രോസസ്സ് ഇമ്പ്രൂവ്മെന്റ്റ്, ഓട്ടോമേഷൻ,  ഇന്റെഗ്രേഷൻ സേവനങ്ങളുടെ മികവ് പല മടങ്ങു വർധിപ്പിക്കാനും, ഒപ്പം പ്രാദേശിക സാങ്കേതിക സ്ഥാപനങ്ങളുമായി യു എസ് ടി യുടെ തന്ത്രപരമായ കൈകോർക്കലുകൾക്ക് ആക്കം കൂട്ടി വിവിധ വ്യാപാര മേഖലകൾക്ക് സേവനങ്ങൾ പ്രദാനം ചെയ്യാനും  സഹായിക്കും.  

റെഡ് ഹാറ്റ്, സോഫ്റ്റ് വെയർ എജി, ഓട്ടോമേഷൻ എനിവെയർ, വർക്കാറ്റോ, യു ഐ പാത്ത് തുടങ്ങിയവായുടെ പങ്കാളിയായ ലിയോണാർഡോ ഉപഭോക്താക്കൾക്ക് സാങ്കേതിക മികവ് ഉറപ്പാക്കുന്ന കമ്പനിയാണ്. 1999 ൽ ബ്രിസ്‌ബേനിൽ  തുടക്കം കുറിച്ച ലിയോണാർഡോ ഇപ്പോൾ മെൽബൺ, സിഡ്നി, പെർത്ത് തുടങ്ങിയ നഗരങ്ങളിലെ ശക്ത സാന്നിധ്യമാണ്. 

"യു എസ് ടിയുടെ ഭാഗമാകാൻ കഴിഞ്ഞു എന്നത് ഞങ്ങൾക്ക് ഏറെ സന്തോഷം നൽകുന്നു. പുതിയ സാധ്യതകൾ തുറക്കുകയാണ് ഈ സഖ്യത്തിലൂടെ. ഉപഭോക്താക്കൾക്ക് നൽകാൻ കഴിയുന്ന ഡിജിറ്റൽ സേവനങ്ങളുടെ വ്യാപ്തി വർധിപ്പിക്കാൻ ഇതിലൂടെ ഞങ്ങൾക്ക് കഴിയും. വിപണികളെപ്പറ്റി പുതിയ അവബോധം സൃഷ്ടിക്കാനുതകുന്ന നിർമ്മിത ബുദ്ധിയിലൂന്നിക്കൊണ്ടുള്ള സേവനങ്ങൾ പ്രദാനം ചെയ്യാനും, ഉപഭോക്താക്കളുടെ വളർച്ചയ്‌ക്കൊപ്പം വളരാൻ സഹായകമായ ഡിജിറ്റൽ സൊല്യൂഷനലുകൾ നൽകാനുമുള്ള ഞങ്ങളുടെ പ്രതിബദ്ധതയ്ക്ക് ഈ സഖ്യം കരുത്തേകും,"  ലിയോണാർഡോ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ സ്റ്റീഫൻ ചേറ്റ്കുട്ടി അഭിപ്രായപ്പെട്ടു.    

ലിയോണാർഡോ യു എസ് ടി യുടെ ഓസ്‌ട്രേലിയ ടീമിന്റെ ഭാഗമാകുന്നത്  ആഹ്‌ളാദകരമാണെന്ന് യു എസ് ടി ഓസ്‌ട്രേലിയ മാനേജിങ് ഡയറക്ടർ കുമാരൻ സി ആർ അറിയിച്ചു. "കഴിഞ്ഞ 25 വർഷമായി ഓസ്‌ട്രേലിയ ന്യൂ സീലാൻഡ് മേഖലയിലെ ശക്ത സാന്നിധ്യവും, പങ്കാളികളായ കമ്പനികളുടെ പ്രോസസ് ട്രാൻസ്ഫർമേഷൻ രംഗത്തെ വിശ്വസ്ത സേവന ദാതാവുമായ ലിയോണാർഡോയുടെ ആഴത്തിലുള്ള പരിചയവും വൈദഗ്ധ്യവും വിലമതിക്കാനാവാത്തതാണ്. യു എസ് ടി യെ സംബന്ധിച്ചിടത്തോളം, ഞങ്ങളുടെ ഉപഭോക്തൃ സ്ഥാപനങ്ങളുടെ പ്രവർത്തന ക്ഷമത വർധിപ്പിക്കാനും ഉത്പാദനം മെച്ചപ്പെടുത്താനും ഈ ഏറ്റെടുക്കൽ സഹായിക്കും. 

ലിയോണാർഡോയുടെ ഉപഭോക്താക്കൾക്ക്  യു എസ് ടിയുടെ സേവനങ്ങൾ പ്രദാനം ചെയ്യാനും ഞങ്ങൾക്ക് കഴിയും.  ഇതിനു പുറമെ, ഞങ്ങളുടെ ആഗോള വ്യാപകമായ ഇന്റലിജന്റ് ഓട്ടോമേഷൻ കൺസൾട്ടിങ് മികവ് കൂടുതൽ മെച്ചപ്പെടുത്താനും, ഓസ്‌ട്രേലിയ ന്യൂ സീലാൻഡ് മേഖലയിൽ യു എസ് ടി സ്മാർട്ട് ഓപ്സ്  പ്ലാറ്റ് ഫോം പ്രവർത്തങ്ങൾക്ക് ആക്കം കൂട്ടാനും സാധിക്കും. വിപണി നേതൃത്വ സ്ഥാനം ഉറപ്പിക്കുന്ന യു എസ് ടി യുടെ പ്രവർത്തനങ്ങൾക്ക് ശക്തി പകരാനും, ഓസ്‌ട്രേലിയൻ മേഖലയിലെ കമ്പനിയുടെ വളർച്ച തുടരാനുമുള്ള ശ്രമങ്ങൾ  ലിയോണാർഡോയെ ഏറ്റെടുത്തതോടെ യു എസ് ടിക്ക് കൂടുതൽ മികവോടെ ഉറപ്പാക്കാനാവും," അദ്ദേഹം പറഞ്ഞു.      

ഇരു കമ്പനികളും ഒന്നായി പ്രവർത്തിക്കുന്നതോടെ യു എസ് ടി യുടെ ബൃഹത്തായ ഡിജിറ്റൽ മികവ്, ലിയോണാർഡോയുടെ സവിശേഷ പ്രോസസ് വൈദഗ്ധ്യവുമായി ബന്ധിപ്പിച്ച് ഓസ്‌ട്രേലിയ ന്യൂ സീലാൻഡ് മേഖലയിലെ ഉപഭോക്തൃ കമ്പനികൾക്ക് മെച്ചപ്പെട്ട സേവനങ്ങൾ ഉറപ്പാക്കാൻ കഴിയും.